13 December Sunday

അന്വേഷണ ഏജൻസികൾ വഴിവിടുന്നു; പ്രധാനമന്ത്രിക്ക്‌ കത്തയക്കും

സ്വന്തം ലേഖകൻ Updated: Saturday Dec 12, 2020

തിരുവനന്തപുരം > കേന്ദ്ര അന്വേഷണ ഏജൻസികളുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക്‌ കത്തയക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് സഹായം നൽകുന്ന ചുമതലയല്ല അന്വേഷണ ഏജൻസികൾക്കുള്ളത്‌.

പ്രധാനമന്ത്രിയെന്നത്‌ ഭരണഘടനാ സ്ഥാനമാണ്‌. ആ സ്ഥാനത്തിന്‌ ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെ സംരക്ഷിക്കാനല്ല, നിയന്ത്രിക്കാനുള്ള ബാധ്യതയാണുള്ളത്‌. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. അർപ്പിതമായ ഉത്തരവാദിത്തംവച്ച്‌ അദ്ദേഹം ഇടപെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലരവർഷമായി അഴിമതിയുടെ പാടുപോലും ആരോപിക്കാൻ കഴിയാത്തവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർത്തുന്ന വ്യാജ ആരോപണങ്ങളുടെ ഘോഷയാത്രയ്ക്ക് മുമ്പേ നടക്കുന്നവരായി കേന്ദ്ര ഏജൻസികൾ മാറാമോ? സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോൾ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ അന്വേഷണ ഏജൻസികളെപ്പറ്റി ഒരു മുൻവിധിയും സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നില്ല. സഹായം നൽകുമെന്നും  അറിയിച്ചു.

മുന്നോട്ടുനീങ്ങിയ അന്വേഷണത്തിന്റെ ലക്ഷ്യങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ വലിയ വിശകലനത്തിന്റെ ആവശ്യമില്ല. സ്വർണം കടത്തിയ പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലിൽ നിർത്തണമെന്ന ലക്ഷ്യത്തിലാണ്‌ അന്വേഷണം. രഹസ്യമൊഴിയായി മജിസ്ട്രേട്ടിനു മുമ്പാകെ നൽകിയെന്നു പറയപ്പെടുന്ന കാര്യങ്ങൾ ചില രാഷ്ട്രീയ നേതാക്കൾ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കൾതന്നെയാണ് പ്രഖ്യാപിക്കുന്നത്.

നിയമാനുസൃതമായ ഉത്തരവാദിത്തം നിറവേറ്റണം

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ അവയുടേതായ ചട്ടക്കൂടുണ്ട്. നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്തങ്ങളാണ് നിറവേറ്റേണ്ടത്. അതിനു വിരുദ്ധമായി കേന്ദ്രഏജൻസികൾ പ്രവർത്തിക്കുന്നു.

പ്രതിപക്ഷകക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി വഴിവിട്ട നടപടികൾ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സ്വീകരിക്കുകയാണ്. സർക്കാരുകളെ അട്ടിമറിക്കാനും  കോഴ കൊടുത്ത് കൂറുമാറ്റാനും പണമൊഴുക്കുന്നതായി  പലയിടത്തുനിന്നും വാർത്ത വന്നു.

ബിജെപിക്ക്  സ്വാധീനം ഇല്ലാതിരുന്ന ത്രിപുരയിൽ കോൺഗ്രസിനെ മൊത്തമായി  വിലയ്‌ക്കുവാങ്ങി. കർണാടകത്തിലും മധ്യപ്രദേശിലും ജനപ്രതിനിധികളെ കോടികൾ നൽകി വിലയ്‌ക്കെടുത്ത് ബിജെപി ഭരണം സ്വന്തമാക്കി.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വധേര എന്നിവരടക്കം കോൺഗ്രസിന്റെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ കേന്ദ്ര ഏജൻസികളുടെ ആഘാതം ഏൽക്കാത്തവരായി ആരുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top