12 December Saturday

പി വി അൻവർ എംഎൽഎക്ക് നേരെ വധശ്രമം; കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 12, 2020

നിലമ്പൂർ> നിലമ്പൂരില്‍ പി വി അന്‍വർ എംഎല്‍എക്കെതിരെ വധശ്രമം. രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ കുന്നുമ്മൽ അബ്ദു, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. 

വെള്ളിയാഴ്ച രാത്രി 11 ഓടെ  മുണ്ടേരിയിലെ സുഹൃത്തിന്റെ വീട് സന്ദർശിച്ച് മടങ്ങുംവഴിയാണ് എംഎല്‍എക്കെതിരെ കോൺഗ്രസ് പ്രവർത്തകർ  വധഭീഷണി മുഴക്കി ആക്രമിക്കാൻ ശ്രമിച്ചത്. മുണ്ടേരി കവലയിൽ എംഎൽഎയുടെ കാറ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ മാറ്റാൻ ശ്രമിച്ച എംഎൽഎയുടെ  ഗൺമാനും മർദനമേറ്റു. പോത്തുകൽ  പൊലീസ് എത്തിയാണ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

എംഎൽഎക്ക്‌ നേരെയുള്ള വധശ്രമത്തിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവർത്തകർ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി.രണ്ടിടത്ത് വെച്ച് അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. രാത്രി എന്താണ് ഈ നാട്ടില്‍, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു  ഭീഷണിയെന്നും എംഎല്‍എ പറഞ്ഞു.

തന്‍റെ കാറു തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പി വി അൻവർ പറഞ്ഞു.  ഇത് രണ്ടാം തവണയാണ് പിവി അൻവർ എംഎൽഎക്കെതിരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ജൂണിൽ കണ്ണൂരിൽ നിന്ന് എംഎൽഎയെ വധിക്കാനെത്തിയ എത്തിയ ആർഎസ്എസ് സംഘത്തെ പൂക്കോട്ടുംപാടം  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top