സിഡ്നി
പന്തെറിയാൻ മാത്രമല്ല, ബാറ്റ് ചെയ്യാനും അറിയാമെന്നു തെളിയിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുമ്ര. ഓസ്ട്രേലിയൻ എ ടീമിനെതിരായ ത്രിദിന സന്നാഹ ക്രിക്കറ്റ് മത്സരത്തിലാണ് തകർപ്പൻ പ്രകടനം. ഇന്ത്യൻ ബാറ്റ്സ്‌മാൻമാരെല്ലാം പരാജയപ്പെട്ടപ്പോൾ പത്താമനായി ഇറങ്ങി അർധ സെഞ്ചുറി നേടി. 57 പന്തിൽ 55 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യ 194 റണ്ണിന് പുറത്തായി.
123 റണ്ണിന് ഒമ്പതു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ രക്ഷിച്ചത് പത്താം വിക്കറ്റിൽ ബുമ്രയും മുഹമ്മദ് സിറാജും (22) ചേർന്നാണ്. ഇരുവരും ചേർന്ന് 71 റണ്ണടിച്ചു. സ്കോർ 47ൽ നിൽക്കെ സിക്സറടിച്ചാണ് അർധ സെഞ്ചുറി നേടിയത്. ആകെ ആറ് ഫോറും രണ്ട് സിക്സറും പറത്തി. ആഭ്യന്തര ക്രിക്കറ്റിലോ രാജ്യാന്തര ക്രിക്കറ്റിലോ അർധ സെഞ്ചുറിയില്ല. ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ നേടിയ 42 റണ്ണാണ് ഉയർന്ന സ്കോർ. ഏകദിനത്തിലും ടെസ്റ്റിലും ഉയർന്ന സ്കോർ പത്താണ്.
ഐപിഎലിൽ പതിനാറും ട്വന്റി–20യിൽ ഏഴും. കളിക്കിടെ ബുമ്ര അടിച്ചത് കാമറൂൺ ഗ്രീനിന്റെ തലയിൽ കൊണ്ടു. തുടർന്ന് പകരക്കാരനെ ഇറക്കേണ്ടിവന്നു.
പൃഥ്വി ഷാ(40), ശുഭ്മാൻ ഗിൽ (43) എന്നിവരാണ് ഭേദപ്പെട്ടു കളിച്ചത്. മായങ്ക് അഗർവാൾ (2), ഹനുമ വിഹാരി (15), ക്യാപ്റ്റൻ അജിൻക്യ രഹാനെ (4), ഋഷഭ് പന്ത് (5) വൃദ്ധിമാൻ സാഹ (0) എന്നിവരെല്ലാം പരാജയമായി. ഓസീസ് ടീമിനെ 108 റണ്ണിന് പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. 86 റൺ ലീഡ്. മുഹമ്മദ് ഷമിയും നവ്ദീപ് സെയ്നിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ബുമ്രക്ക് രണ്ട് വിക്കറ്റുണ്ട്. സിറാജിന് ഒന്നും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..