ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമങ്ങള്‍ കൃഷിയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
” കാര്‍ഷിക മേഖലയ്ക്കും അനുബന്ധ മേഖലകളായ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, സംഭരണം, ശീതീകരണം എന്നിവയ്ക്കുമിടയില്‍ ചില മതിലുകളുണ്ടായിരുന്നു. ഇപ്പോള്‍ അവ നീങ്ങിയിരിക്കുന്നു. ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണിയും സാങ്കേതികവിദ്യയുടെ ഗുണങ്ങളും നിക്ഷേപവും കൊണ്ടുവരാന്‍ സഹായിക്കും. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ കര്‍ഷകര്‍ക്കാണ്. – ” അദ്ദേഹം പറഞ്ഞു.
ഒരു മേഖല വളരുമ്പോള്‍ അതിന്റെ സ്വാധീനം മറ്റ് പല മേഖലകളിലും കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്കിടയില്‍ അനാവശ്യ മതിലുകള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു വ്യവസായവും വേണ്ടത്ര വേഗത്തില്‍ വളരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യമേഖല ഇതുവരെ കാര്‍ഷികമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ മണ്ടിയിലും പുറത്തുള്ളവര്‍ക്കും വില്‍ക്കാന്‍ അവസരമുണ്ടെന്നും ഇത് കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments