കോഴിക്കോട് : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. മടിയില്‍ കനമുള്ളത് ആര്‍ക്കാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. തന്റെ അഡീഷണല്‍ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹം ഇ.ഡിക്ക് മുമ്ബില്‍ ഹാജരാവാത്തതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിനെ ഉപയോഗിച്ച് അഡീഷണല്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയില്‍ വകുപ്പിനെ ഉപയോഗിച്ച് സ്വപ്നയെ സ്വാധീനിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജന്‍സികള്‍. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുമ്ബില്‍ ഹാജരാക്കി മാത്രമേ അവര്‍ തിരിച്ചു പോവുകയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും അഴിമതി തുറന്നുകാണിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments