12 December Saturday

ഷാഫി പറമ്പിലിനെ ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

സ്വന്തം ലേഖകൻUpdated: Saturday Dec 12, 2020
പാലക്കാട്> കോവിഡ് മാനദണ്ഡം പാലിക്കാതെ ആൾക്കൂട്ടവുമായി പ്രചാരണം നടത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ട കോണ്‍​ഗ്രസ്‌പ്രവർത്തകന്റെ വാഹനത്തിന് കല്ലേറ്. ഒലവക്കോട് സൗത്ത് പൂക്കാരത്തോട്ടില്‍  സുൽഫീക്കറിന്റെ ലോറിക്കാണ്‌ വെള്ളിയാഴ്ച പുലർച്ചെ  കല്ലെറിഞ്ഞത്‌. ലോറിയുടെ ചില്ലുകൾ തകർന്നു. 
 
സുൽഫീക്കറിന്റെ ഒലവക്കോട്ടെ പെയിന്റ്കടയ്ക്ക്സമീപത്താണ് ലോറിയുണ്ടായിരുന്നത്. പാലക്കാട് നോർത്ത് പൊലീസില്‍ പരാതി നൽകി. സംഭവത്തിൽ എംഎൽഎയു‌ടെ പങ്കും അന്വേഷിക്കണമെന്ന്‌ ആവശ്യമുയർന്നു.  നിശബ്ദപ്രചാരണംനടന്ന ഒമ്പതിന്‌  മാസ്‌ക്‌ ധരിക്കാതെയും  സാനിറ്റൈസർ കരുതാതെയും അമ്പതിലധികം പേരാണ്‌ ‌‌ ഷാഫിയുടെ നേതൃത്വത്തില്‍ വോട്ടഭ്യർഥനയുമായി സുല്‍ഫീക്കറുടെ വീട്ടിലെത്തിയത്. 18 പേർ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നയിടമാണ് പൂക്കാരത്തോട്ടം.
 
കോവിഡ് മാനദണ്ഡ‍ം പാലിക്കാതെ വീട്ടിലേക്ക് കയറിയ എംഎൽഎയെ അദ്ദേഹം തടഞ്ഞു. മാസ്ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ ചോദ്യം ചെയ്തിട്ടും മാസ്ക് ധരിക്കാൻ എംഎൽഎ തയ്യാറായില്ല. വീട്ടുകാരോട് തട്ടിക്കയറിയ എംഎൽഎ "നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക്‌ ചെയ്യാൻ പറ്റില്ല’ എന്ന് വെല്ലുവിളിച്ച്‌ ഇറങ്ങിപ്പോയി. ഇതിന്റെ പ്രതികാരമായാണോ കല്ലേറെന്ന് സംശയിക്കുന്നു.
 
വോട്ടെടുപ്പ് കഴിഞ്ഞശേഷം വ്യാഴാഴ്ച രാത്രി ഒലവക്കോട് കോൺ​ഗ്രസ് പ്രവർത്തകർ തമ്പടിച്ചിരുന്നു. കല്ലേറിൽ വിശദ അന്വേഷണം വേണമെന്നും കൂടുതൽ ആക്രമണം ഭയക്കുന്നതായും സുൽഫീക്കർ പറഞ്ഞു.എംഎൽഎ കോവിഡ്‌ മാനദണ്ഡം ധിക്കരിക്കുന്ന വീഡിയോ ബുധനാഴ്ച സുൽഫീക്കർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ആയിരങ്ങൾ‌ വീഡിയോ കണ്ടു. 
 
പ്രചാരണത്തിന്റെ ഭാ​ഗമായി എംഎൽഎ പലരുടെയും കൈയിൽ പിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിൽ പലരും നിരീക്ഷണത്തിലുള്ള വീടുകളിലുള്ളവരാണ്. കോവിഡ‍് വ്യാപനമുണ്ടാക്കാനുള്ള കോൺ​ഗ്രസ് ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒലവക്കോട്ടെ സംഭവം. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്ത ആളുടെ വാഹ​നത്തിനുനേരെ ആക്രമണമുണ്ടായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top