കോവിഡ് വാക്സിൻ എത്തുംമുമ്പേ വിതരണത്തിനുള്ള മുന്നൊരുക്കവുമായി കേരളം. വിതരണം ഏകോപിപ്പിക്കാൻ നാല് സമിതി രൂപീകരിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന, ജില്ല, ബ്ലോക്ക് കർമ സമിതികൾ എന്നിവയ്‌ക്കാണ് രൂപം നൽകിയത്. പ്രതിരോധ കുത്തിവയ്‌പ് ഉൾപ്പെടെ പതിവ് ആരോഗ്യ പരിരക്ഷാ സേവനങ്ങൾക്ക് തടസ്സമുണ്ടാകാതെ കോവിഡ് വാക്സിൻ വിതരണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം.
● സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി
ചീഫ് സെക്രട്ടറി ചെയർപേഴ്‌സണും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും. വാക്സിനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഉറപ്പാക്കുക, വാക്സിൻ ആദ്യം നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരശേഖരണം, വാക്സിൻ സംബന്ധിച്ച വ്യാജവാർത്തകൾ തടയൽ, സംസ്ഥാന, ജില്ലാ കർമസമിതികളുടെ യോഗങ്ങൾ അവലോകനം ചെയ്യൽ എന്നിവയാണ് ചുമതലകൾ.
● സംസ്ഥാന കർമ സമിതി (എസ്‌ടിഎഫ്)
അഡീ. ചീഫ് സെക്രട്ടറി/ കമീഷണർ/ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരിൽ ഒരാൾ ചെയർപേഴ്‌സണും സ്‌റ്റേറ്റ് ഇമ്യൂണൈസേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയും. രണ്ടാഴ്‌ചയിലൊരിക്കൽ യോഗം. മുതിർന്ന ഉദ്യോഗസ്ഥരെ ഓരോ ജില്ലയിലെ ഏകോപനത്തിന് നിയമിക്കുക, കിംവദന്തികൾ തടയാൻ പ്രത്യേക മീഡിയ രൂപരേഖ തയ്യാറാക്കുക എന്നിവയാണ് ചുമതല.
● ജില്ലാ കർമ സമിതി (ഡിഎസ്‌എഫ്)
ജില്ലാ മജിസ്‌ട്രേട്ട് ചെയർപേഴ്‌സണും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയും. ആഴ്‌ചയിലൊരിക്കൽ യോഗം. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്ന നടപടികളുടെ രൂപരേഖ തയ്യാറാക്കുക, മറ്റ് ആരോഗ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാകാതെ വാക്സിൻ വിതരണം നടത്തുക എന്നിവയാണ് ചുമതല.
● ബ്ലോക്ക് കർമസമിതി
ബ്ലോക്ക് തലത്തിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ചെയർപേഴ്‌സൺ. ഹെൽത്ത് സൂപ്പർവൈസർ കൺവീനർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..