ന്യൂഡൽഹി
രണ്ടാഴ്ച പിന്നിടുമ്പോഴും കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നേറുന്ന കർഷകപ്രക്ഷോഭത്തെ നേരിടാൻ മന്ത്രിമാരെ നേരിട്ടിറക്കി കേന്ദ്രസര്‍ക്കാര്‍. കാർഷികനിയമങ്ങളെ ന്യായീകരിച്ച് കൃഷിമന്ത്രിമാരായ നരേന്ദ്രസിങ് തോമറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തി.
മന്ത്രിമാരുടെ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളെ തുറന്നുകാട്ടി ശക്തമായി തിരിച്ചടിച്ച കർഷകസംഘടനകൾ പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കാന്‍ ആഹ്വാനംചെയ്തു. രാജ്യവ്യാപകമായി റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും. ശനിയാഴ്‌ച ഡൽഹി–-ജയ്‌പുർ ദേശീയപാത ഉപരോധിക്കും. ടോൾ പ്ലാസകൾ പിടിച്ചെടുത്ത് തുറന്നുകൊടുക്കും. എല്ലാ മണ്ഡികളിലും ജില്ല, സംസ്ഥാന തലങ്ങളിലും ധർണ തുടങ്ങും. ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തും. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഡൽഹിയിലെ സമരത്തിൽ അണിചേരും. രാജ്യവ്യാപകമായി കോർപറേറ്റുകളെ ബഹിഷ്‌കരിക്കും.
മൂന്ന് കാർഷികനിയമവും പിൻവലിക്കുംവരെ സർക്കാരുമായി ചർച്ചയില്ലെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്രസർക്കാർമാത്രമല്ല, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സർക്കാരുകളും കർഷകപ്രക്ഷോഭം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന് ശിലയിട്ട നാളിൽ സർക്കാർ കാർഷികനിയമങ്ങൾ പിൻവലിച്ച് കർഷകരെ ചർച്ചയ്‌ക്ക് വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് എസ്‌എഡി നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.
20 കോടി കർഷകർ നിരാകരിച്ച നിയമം
മൂന്ന് കാർഷികനിയമവും രാജ്യം സ്വാഗതം ചെയ്‌തുവെന്ന കൃഷിമന്ത്രിയുടെ അവകാശവാദം യാഥാർഥ്യം മനസ്സിലാക്കാതെയാണെന്ന് കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു. രാജ്യത്തെ 20 കോടി കർഷകർ നിയമങ്ങൾ നിരാകരിച്ചു. ബിജെപിയുടെ രാഷ്ട്രീയപ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ അഖിലേന്ത്യ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി അപലപിച്ചു.
മരിച്ചത് 15 കര്‍ഷകര്‍
പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായത് 15 കര്‍ഷകര്‍ക്ക്. നാലുപേരുടേത് അപകടമരണം. ഹൃദ്രോഗത്താല്‍ പത്തുമരണം. കൊടുംതണുപ്പ് സഹിക്കാനാകാതെയും മരണം ഉണ്ടായി.
നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി
കാർഷികനിയമങ്ങൾ മിനിമം താങ്ങുവില (എംഎസ്‌പി)യെ ബാധിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകർ നിർബന്ധമായും പാലിക്കേണ്ടതൊന്നും നിയമങ്ങളിൽ ഇല്ല. ഒരു നിയമവും പൂർണമായും കുറ്റമറ്റതല്ല. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാണ്.
എല്ലാ രാഷ്ട്രീയപാർടികളുടെയും അഭിപ്രായം കേട്ടശേഷമാണ് ബില്ലുകൾ പാസാക്കിയതെന്ന് മന്ത്രി അവകാശപ്പെട്ടു. രാജ്യം നിയമങ്ങളെ സ്വാഗതം ചെയ്‌തു. പ്രധാനമന്ത്രിയുടെ ഭാവനാപൂർണമായ കാഴ്‌ചപ്പാടാണ് കോവിഡ്‌കാലത്ത് കാർഷികോൽപ്പാദനം വർധിപ്പിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..