പിണറായി
മൾട്ടിമീഡിയ ആർടിസ്‌റ്റ് ഫോറം ഏർപ്പെടുത്തിയ കെ ജി സുബ്രഹ്മണ്യൻ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. പിണറായി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് അവാർഡ് കൈമാറി.
ലക്ഷക്കണക്കിന് സാധാരണക്കാർ മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. രണ്ട് മഹാപ്രളയവും നിപായും ഓഖിയും കോവിഡും ബാധിച്ച കേരളത്തെ ദുരിതക്കയത്തിൽനിന്ന് കരകയറ്റിയ ‘അതിജീവനത്തിന്റെ വഴികാട്ടി’ എന്ന നിലയിലാണ് ചിത്രകാരൻ കെ ജി സുബ്രഹ്മണ്യത്തിന്റെപേരിലുള്ള അവാർഡ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. ആർടിസ്‌റ്റ് സത്യനാഥിന്റെ പെയിന്റിങ്ങും പ്രശസ്‌തിപത്രവും കാൽലക്ഷം രൂപയുമടങ്ങുന്നതാണ് അവാർഡ്.
കുറച്ചുനാളായി ഒരവാർഡും സ്വീകരിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കസേരയിൽ ഇരിക്കുമ്പോൾ അവാർഡുകൾ വാങ്ങേണ്ടെന്ന് വച്ചതാണ്. സുഹൃത്ത് ഹംസയും സെൽവനും പറഞ്ഞപ്പോൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. അവാർഡ് തുക സംഘാടകർക്ക് തിരികെനൽകുന്നതായും അദ്ദേഹം അറിയിച്ചു. സി ഹംസ അധ്യക്ഷനായി. ദീപക് ധർമടം സംസാരിച്ചു. സെൽവൻ മേലൂർ സ്വാഗതവും കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..