12 December Saturday

ഊരാളുങ്കലിന്‌ ഉമ്മൻചാണ്ടി നൽകിയത്‌ 1050 കോടിയുടെ പദ്ധതികൾ

മിൽജിത്‌ രവീന്ദ്രൻUpdated: Friday Dec 11, 2020


തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാർ ക്രമരഹിതമായി കരാറുകൾ നൽകുന്നെന്ന്‌‌ പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ നൽകിയത്‌ 1050 കോടി രൂപയുടെ പദ്ധതികൾ. മാത്രമല്ല, ടെൻഡർ ഇല്ലാതെയും വിശ്വസ്‌തതയോടെയും ജോലി ഏൽപ്പിക്കാവുന്ന സ്ഥാപനമാണ്‌ ഊരാളുങ്കൽ എന്ന്‌ നല്ല സർട്ടിഫിക്കറ്റും നൽകി. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി (ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ) 2016 ജനുവരി 18ന്‌ ഊരാളുങ്കലിനെ നിയമിച്ചതും ഉമ്മൻചാണ്ടി സർക്കാരിന്റെ ഐടി വകുപ്പാണ്‌. ഇക്കാര്യങ്ങൾ വിസ്‌മരിച്ചാണ്‌ ഊരാളുങ്കലിനെ മറയാക്കി സർക്കാരിനെ അടിക്കാനുള്ള പ്രതിപക്ഷശ്രമം‌.ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ്‌ ഊരാളുങ്കലിനെ സമ്പൂർണ പരിഹാര ഏജൻസിയായി നിയമിക്കാൻ കാരണമെന്ന്‌ 2016ലെ ഉത്തരവിൽ പറയുന്നു.


 

ഐടി, ഐടിഇഎസ്‌ മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ്‌ സൊസൈറ്റിയെന്നും ടെൻഡർ വിളിക്കാതെ ഇവർക്ക്‌ കരാറുകൾ നൽകണമെന്നും അതേ ഉത്തരവിൽ യുഡിഎഫ്‌ സർക്കാർ വ്യക്തമാക്കി.

ഇതുവരെ ഒരു അഴിമതി ആരോപണവും ഉയരാത്ത, ഒരു നിർമാണത്തിന്റെ പേരിൽപ്പോലും ആക്ഷേപം നേരിടാത്ത, 95 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ്‌ തൊഴിലാളികളുടെ പേരിലുള്ള ഈ സഹകരണ സ്ഥാപനം. 150 കോടി രൂപയുടെ കോഴിക്കോട്‌ ബൈപാസ്‌ പദ്ധതി 18 മാസംകൊണ്ടാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഊരാളുങ്കൽ പൂർത്തിയാക്കിയത്‌. രാമനാട്ടുകര, തൊണ്ടയാട്‌ ഫ്ലൈ ഓവറുകളും പൂർത്തിയാക്കി. വലിയഴിക്കൽ പാലം, നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, കണ്ണൂർ ഹിൽ ഹൈവേ പദ്ധതികളും നിർവഹിച്ചു. ഇതുവരെ 570 പാലവും ഫ്ലൈ ഓവറുകളും 2400ലധികം കെട്ടിടങ്ങളും 500 കിലോമീറ്ററോളം ദേശീയപാതയും പൂർത്തിയാക്കിയിട്ടുണ്ട്‌.

പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് രൂപീകരിച്ചു. നിർമാണ പ്രവൃത്തികളിൽ അധികംവന്ന പണം തിരികെയേൽപ്പിച്ച അത്യപൂർവ മാതൃകയും ഊരാളുങ്കലിനുണ്ട്‌. കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായി വിദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ രണ്ടായിരത്തിലധികം പേർക്ക്‌ ആറുമാസം തുടർച്ചയായി തൊഴിൽ നൽകുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top