11 December Friday

പുതിയ പാർലമെന്റ്‌ മന്ദിരത്തിന് തറക്കല്ലിട്ടു; മഹാത്മാഗാന്ധി പ്രതിമ മാറ്റും

വെബ് ഡെസ്‌ക്‌Updated: Friday Dec 11, 2020


ന്യൂഡൽഹി
971 കോടി മുതല്‍മുടക്കിയുള്ള പുതിയ പാർലമെന്റ്‌ മന്ദിരനിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടു. ഇതടക്കമുള്ള സെൻട്രൽ വിസ്‌താ പദ്ധതിക്കെതിരായ ഹര്‍ജികളില്‍ അന്തിമവിധി പറയാനിരിക്കെയുള്ള കേന്ദ്രനീക്കത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിര്‍മാണം തുടങ്ങില്ലെന്നുംനിലവിലുള്ള മന്ദിരം പൊളിക്കില്ലെന്നും ഉറപ്പ് നല്‍കിയാണ് കേന്ദ്രം ചടങ്ങിന് സുപ്രീംകോടതിഅനുമതി നേടിയത്.

ശൃംഗേരി മഠത്തിലെ പൂജാരിമാരാണ് ഭൂമിപൂജ നടത്തിയത്. പുതിയ മന്ദിരത്തിലെ ലോക്‌സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 384 പേര്‍ക്കും ഇരിപ്പിട സൗകര്യമുണ്ടാകും. 64,500 ചതുരശ്രമീറ്റര്‍ വിസ്‌തീർണമുള്ള മന്ദിരത്തിൽ സെൻട്രൽ ഹാൾ ഉണ്ടാകില്ല. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. പഴയ മന്ദിരം സംരക്ഷിക്കും. ടാറ്റാ പ്രോജക്ട്‌സ്‌ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. പുതിയ മന്ദിരം പുതുമയുടെയും പഴമയുടെയും സഹവർത്തിത്വത്തിന്‌ ഉത്തമ ഉദാഹരണമായിരിക്കുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി പ്രതിമ മാറ്റും
പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ നിർമാണം തുടങ്ങുന്നതോടെ പഴയ പാർലമെന്റ്‌  മന്ദിരത്തിന്റെ മുഖ്യ സവിശേഷതയായിരുന്ന രാഷ്ട്രപിതാവിന്റെ പ്രതിമ എടുത്തുമാറ്റും. 16 അടിയുള്ള വെങ്കല പ്രതിമ പാർലമെന്റിലെ ചരിത്ര സംഭവങ്ങൾക്കും സംവാദങ്ങൾക്കും മൂകസാക്ഷിയാണ്‌.

ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ പാർലമെന്റ്‌ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നതും ഗാന്ധിപ്രതിമയുടെ മുന്നിലാണ്‌. മാറ്റം താൽക്കാലികമാണെന്നും പുതിയ മന്ദിരം യാഥാർഥ്യമായാൽ ഗാന്ധി പ്രതിമ കവാടത്തിൽ സ്ഥാപിക്കുമെന്നും പാർലമെന്റ്‌ വൃത്തങ്ങൾ പറഞ്ഞു.

രാജ്യകാര്യങ്ങളിൽ  മതതാൽപര്യം കലർത്തിയത്‌ ശരിയല്ല
പുതിയ പാർലമെന്റ്‌ മന്ദിരത്തിന്‌‌ ഭൂമിപൂജ നിർവഹിച്ചതിൽ സിപിഐ എം രാജ്യസഭാംഗം ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ അതൃപ്‌തിയും വിയോജിപ്പും രേഖപ്പെടുത്തി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ അയച്ച കത്തിലാണ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ അതൃപ്‌തി അറിയിച്ചത്‌. രാജ്യകാര്യങ്ങളിൽ വ്യക്തിപരമായ മതതാൽപ്പര്യങ്ങൾ കൂട്ടിക്കലർത്തുന്നത്‌ ഭരണഘടനയുടെ തത്വങ്ങൾക്ക്‌ എതിരാണ്‌. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥനായ വ്യക്തികളിൽ‌നിന്ന്‌ ഇത്തരം നടപടി ഉണ്ടാകുന്നതിൽ കടുത്ത വിയോജിപ്പുണ്ടെന്നും ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top