തിരുവനന്തപുരം
ജനാധിപത്യത്തിന്റെ ഉത്സവമായി മാറിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ കനത്ത പോളിങ്. പ്രാഥമിക കണക്കുകൾപ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി. 80 ശതമാനത്തോളംപേർ വോട്ടുചെയ്‌ത വയനാടാണ് മുന്നിൽ–- 79.46 ശതമാനം. പിന്നിലുള്ള കോട്ടയവും ഒട്ടും മോശമാക്കിയില്ല–- 73.91 ശതമാനം. പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂർ - 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. അന്തിമകണക്കിൽ പോളിങ് ശതമാനം വർധിക്കാം.
അതേസമയം, കോർപറേഷനുകളിൽ പോളിങ് താരതമ്യേന കുറവാണ്. കൊച്ചിയിൽ - 62.01 ശതമനവും തൃശൂരിൽ- 63.77 ശതമനാവും പേരാണ് വോട്ട് ചെയ്‌തത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്കു പഞ്ചായത്തിൽ ഒമ്പതിലും 13 മുനിസിപ്പാലിറ്റിയിൽ ആറിലും 80 ശതമാനത്തിലേറെ പോളിങ് നടന്നു. ഈരാറ്റുപേട്ട, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളിൽ 85 ശതമാനത്തോളം പേരും വോട്ടവകാശം വിനിയോഗിച്ചു.
ആദ്യഘട്ടത്തിലെ അഞ്ച് ജില്ലയിൽ 73.12 ശതമാനമായിരുന്നു പോളിങ്. വ്യാഴാഴ്‌ച രാവിലെ ഏഴിന് തുടങ്ങിയതുമുതൽ എല്ലാ മേഖലയിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ മൂന്നു മണിക്കൂറിൽ 25 ശതമാനത്തിലേറെ പേർ വോട്ടുചെയ്‌തു. പകൽ ഒന്നോടെ എല്ലാ ജില്ലയിലും പകുതിയിലേറെ പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. വൈകിട്ട് അഞ്ചോടെ പോളിങ് 75 ശതമാനം പിന്നിട്ടു. പലയിടത്തും പോളിങ് സമയം അവസാനിക്കുമ്പോഴും നീണ്ട വരി കാണാമായിരുന്നു. കോവിഡ് രോഗികളും ക്വാറന്റൈനിലുള്ളവരും പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് വോട്ട് ചെയ്യാനെത്തി.
അവസാനഘട്ടത്തിൽ 14ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ബൂത്തിലെത്തും. 16നാണ് വോട്ടെണ്ണൽ.
വോട്ടിങ്ങിനിടെ വ്യാഴാഴ്‌ച രണ്ടു പേർ കുഴഞ്ഞുവിണു മരിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ പൊലീസുകാരനായ കരുണാകരൻ (48) വയനാട് ബത്തേരി അസംപ്‌ഷൻ സ്‌കൂളിലും വോട്ടു ചെയ്യാൻ നിൽക്കുന്നതിനിടെ പാലക്കാട് കുഴൽമന്ദം പാങ്ങോട് വീട്ടിൽ ഷൺമുഖൻ (53) കണ്ണനൂർ പുളിയപ്പൻ തൊടി ബൂത്തിലും കുഴഞ്ഞുവീഴുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..