സംസ്ഥാനത്ത് വ്യാഴാഴ്ച 4847 പേർ കോവിഡ് മുക്തരായി. കൂടുതൽ രോഗമുക്തർ മലപ്പുറത്താണ്–- 680. 4470 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളും മലപ്പുറത്താണ് കൂടുതൽ–- 700. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 8.47 ശതമാനം. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 59,517 ആയി. 5,91,845 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തിനേടി. 26 മരണംകൂടി കോവിഡ്- മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 2533 ആയി. പുതിയ രോഗികളിൽ 3858 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 3,16,491 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 3,02,567 പേർ വീട്/ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 13,924 പേർ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച രണ്ട് പ്രദേശത്തെക്കൂടി പുതുതായി ഹോട്ട് സ്‌പോട്ടാക്കി, ഒരു പ്രദേശത്തെ ഒഴിവാക്കി. ആകെ ഹോട്ട്സ്‌പോട്ട് 441.
ഐസിയുവിൽ 592 കോവിഡ് രോഗികൾ, വെന്റിലേറ്ററിൽ 140
സംസ്ഥാനത്ത് കോവിഡ് രോഗം ഗുരുതരമായി ബാധിച്ചവർ കുറവാണെന്ന് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഡിസംബർ ഏഴുവരെയുള്ള കണക്ക് പ്രകാരം സർക്കാർ ആശുപത്രികളിലെ കോവിഡ് രോഗികളിൽ 592 (22.42 ശതമാനം) പേർ മാത്രമാണ് ഐസിയുവിലുള്ളത്. വെന്റിലേറ്ററിലുള്ളതാകട്ടെ 140 (6.38 ശതമാനം) രോഗികളും. രോഗം ഗുരുതരമാകാതെ കൃത്യമായ ചികിത്സ നൽകിയാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് അര ശതമാനത്തിൽ താഴെ നിർത്താനായത്. നിലവിൽ 2507 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആകെ രോഗികളുടെ 0.39 ശതമാനം മാത്രമാണ്. ഇതുവരെ 6,49,571 പേർക്കാണ് കേരളത്തിൽ കോവിഡ് ബാധിച്ചത്. 5,86,998 പേർ രോഗമുക്തരായി.
14 ജില്ലയിലുമായി സർക്കാർ ആശുപത്രികളിൽ ആകെയുള്ളത് 2640 ഐസിയു കിടക്കയും 2192 വെന്റിലേറ്ററുമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഐസിയുവിൽ ചികിത്സയിലുള്ളത് മലപ്പുറത്താണ്, 87. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 86 രോഗികളുണ്ട്. കുറവ് കാസർകോടാണ്, ഒമ്പത്. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ വെന്റിലേറ്ററിൽ രോഗികളില്ല. കൂടുതൽ കോവിഡ് രോഗികൾ വെന്റിലേറ്ററിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 35. തൊട്ടുപിന്നിൽ 19 രോഗികളുള്ള എറണാകുളമാണ്.
വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ളവരുൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാകെ ഐസിയുവിൽ കഴിയുന്നത് 1447 (54.8 ശതമാനം) പേരാണ്. 2192 വെന്റിലേറ്ററിൽ ആകെ 310ൽ മാത്രമാണ് രോഗികളുള്ളത് (14.1 ശതമാനം).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..