ന്യൂഡൽഹി
രാജസ്ഥാനിലെ ദങ്കർപുരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭാരതീയ ട്രൈബൽ പാർടി(ബിടിപി) സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഒന്നിച്ചു. പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ രണ്ട് എംഎൽഎയുള്ള ബിടിപി പിൻവലിച്ചു.
ദങ്കർപുർ ജില്ലാ പഞ്ചായത്തിൽ ആകെ 27 സീറ്റിൽ 13ലും ബിടിപി സ്ഥാനാർഥികളാണ് ജയിച്ചത്. ബിജെപിക്ക് എട്ട് സീറ്റിലും കോൺഗ്രസ് ആറിടത്തും ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിടിപിയുടെ 13 വോട്ടും അവരുടെ സ്ഥാനാർഥി പാർവതി ദോദയ്‌ക്ക് ലഭിച്ചു.
എന്നാൽ, ബിജെപി സ്ഥാനാർഥി സൂര്യ അഹാഡിക്ക് കോൺഗ്രസിന്റെ ആറ് വോട്ട് കൂടി ലഭിച്ചതോടെ അവർ ജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ചേർന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന് ആശംസ നേരുന്നതായി ബിടിപി സ്ഥാപകൻ ചോട്ടുഭായ് വസാവ പരിഹസിച്ചു.
ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ബിടിപിയെ തോൽപ്പിക്കാൻ കോൺഗ്രസും ബിജെപിയും ഒന്നിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ആഗസ്‌തിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗെലോട്ട് സർക്കാരിനെ ബിടിപി എംഎൽഎമാർ പിന്തുണച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..