ദേലംപാടി > കോവിഡ് വ്യാപനത്തിൽ അതിർത്തികൾ അടച്ചിട്ടപ്പോൾ ഒറ്റപ്പെട്ട ദേലംപാടി ഗ്രാമത്തിലേക്ക് കേരളത്തിൽ നിന്നുള്ള ഏക പാതയായ പരപ്പ മയ്യള വനപാതയുടെ കോൺക്രീറ്റ് നിർമാണം പൂർത്തിയായി. കെ കുഞ്ഞിരാമൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷവും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 25 ലക്ഷവും ചേർത്ത് 1.6 കിമീ കോൺക്രീറ്റ് റോഡാണ് പൂർത്തീകരിച്ചത്. റിസർവ് വനങ്ങളും കർണാടക സംസ്ഥാനവും ചുറ്റപ്പെട്ട് കിടക്കുന്ന ദേലംപാടി വില്ലേജിലെ 1456 കുടുംബങ്ങൾക്ക് ഇതോടെ യാത്രാസൗകര്യമാകും.
കേരളത്തിന്റെയും കർണാടകയുടെയും അധീനതയിലുള്ള റോഡാണ് ദേലംപാടി വില്ലേജിലെ പ്രധാനകേന്ദ്രങ്ങളിലെത്താൻ ഉപയോഗിച്ചിരുന്നത്. എല്ലായിടത്തും മെച്ചപ്പെട്ട റോഡ് സർക്കാർ ഒരുക്കിയിരുന്നു. പള്ളത്തൂർ പാലം 11.5 കോടി ചെലവിൽ പുതുക്കി.അനുബന്ധറോഡും നിർമിച്ചു. കണ്ണംങ്കോൽ- കല്ലടുക്ക റോഡിന് 25 ലക്ഷം, ദേലംപാടി പഞ്ചിക്കൽ റോഡ് 30 ലക്ഷം, കല്ലടുക്കമുദിയാർ റോഡ് 10 ലക്ഷം, കല്ലക്കട്ട ഹിദായത്ത് നഗർ റോഡ് 10 ലക്ഷം, പള്ളത്തൂർ പട്ടികജാതി കോളനി റോഡ് 10 ലക്ഷം എന്നിവ രണ്ട് വർഷം കൊണ്ട് ചെലവഴിച്ചു.
കോവിഡ് കാലത്ത് ഈ വഴികളിലൂടെ ദേലംപാടിയിലെത്താൻ കർണാടകയുടെ കാരുണ്യം വേണ്ടി വന്നിരുന്നു. മാസങ്ങളോളം റോഡ് അടച്ചിട്ടതോടെ ദേലംപാടിക്കാർക്ക് പരപ്പ മയ്യള വനപാത ആശ്രയിക്കേണ്ടി വന്നു. തുടർന്ന് എംഎൽഎ, പഞ്ചായത്ത് ഭരണസമിതി എന്നിവർ ഇടപെട്ട് റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
കെ വി കുഞ്ഞിരാമൻ എംഎൽഎ ആയിരുന്നപ്പോൾ മലബാർ പാക്കേജിൽ 3.30 കോടി ചെലവിൽ ദേലംപാടി മുതൽ പരപ്പ വരെ റോഡ് പുതിയ റോഡ് നിർമിച്ചിരുന്നു. 1.6 കിമീ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ പൂർത്തിയാക്കാനായില്ല.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ മാറിയതായിരുന്നു അനുമതിക്ക് തടസ്സമായത് വനംവകുപ്പിന്റെ അനുമതി ക്കായി കെ കുഞ്ഞിരാമൻ എംഎൽഎ നിരന്തര ശ്രമം നടത്തി. പിണറായി സർക്കാർ വനപാതകൾക്കുള്ള അപേക്ഷ ഓൺലൈനാക്കിയപ്പോൾ പഞ്ചായത്ത് നപടി സ്വീകരിച്ചു. അപ്പോഴായിരുന്നു അടച്ചുപൂട്ടലിൽ ദേലംപാടി ഒറ്റപ്പെട്ടത്.
ഇതോടെ മുഖ്യമന്ത്രി, വനംമന്ത്രി, അനുമതി നൽകേണ്ട സംസ്ഥാന നോഡൽ ഓഫീസർ ബെന്നിച്ചൻ തോമസ് എന്നിവർക്ക് എംഎൽഎ കത്തു നൽകി. അതോടെയാണ് വഴിതെളിഞ്ഞത്. എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ അനിൽകുമാറിന്റെ പ്രത്യേക റിപ്പോർട്ട് അടിസ്ഥാനത്തിൽ അനുമതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..