കൊല്ലം
മൺറോതുരുത്തിൽ സിപിഐ എം പ്രവർത്തകൻ വില്ലിമംഗലം നിധി പാലസിൽ ആർ മണിലാലിനെ(52) കുത്തിക്കൊന്ന കേസിലെ പ്രതിയായ ബിജെപി പ്രവർത്തകനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതി നെന്മേനി തെക്ക് തുപ്പാശേരിൽ അശോകനെ (55) വ്യാഴാഴ്‌ച പകൽ 1.45ഓടെയാണ് തെളിവെടുപ്പിനായി കിഴക്കേകല്ലട പൊലീസ് മൺറോതുരുത്തിലെ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനു സമീപം കൊണ്ടുവന്നത്. മണിലാലിനെ കുത്തിക്കൊന്ന സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മദ്യ ലഹരിയിലായിരുന്ന താൻ മണിലാലുമായി തർക്കത്തിൽ ഏർപ്പെട്ടതായും തുടർന്ന് പിടിവലി നടന്നതായും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മണിലാലിന്റെ നെഞ്ചിൽ കുത്തിയതായും പ്രതി മൊഴി നൽകി. കുത്താൻ ഉപയോഗിച്ച കത്തി സംഭവദിവസം പൊലീസ് കണ്ടെടുത്തിരുന്നു.
ശാസ്‌താംകോട്ട കോടതി വ്യാഴാഴ്‌ച പകൽ 11നാണ് പ്രതിയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. കൊലപാതക ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സംഭവസമയം സ്ഥലത്തുണ്ടായിരുന്നവരും ബഹളംകേട്ട് ഓടിക്കൂടിയവരും ഉൾപ്പെടെ 10പേരിൽനിന്ന് പൊലീസ് വ്യാഴാഴ്‌ച മൊഴിയെടുത്തു. മൊഴിനൽകുന്നതിന് ഹാജരാകാൻ ബിജെപി പ്രവർത്തകർ അടക്കം 14 പേർക്കു കൂടി നോട്ടീസ് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കിഴക്കേകല്ലട സിഐ മഹേഷ് പറഞ്ഞു.
മണിലാലിന്റെ ഭാര്യ രേണുക, മകൾ നിധി എന്നിവരിൽനിന്ന് കഴിഞ്ഞ ദിവസം വിവരം ശേഖരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്‌ച രാത്രി എട്ടിന് മൺറോതുരുത്തിലെ എൽഡിഎഫ് ബൂത്ത് ഓഫീസിൽനിന്ന് വീട്ടിലേക്ക് പോകാനിറങ്ങവെയാണ് മണിലാലിനെ അശോകൻ കുത്തിക്കൊന്നത്.
കിഴക്കേകല്ലട എസ്‌എച്ച്‌ഒ ജി പ്രൈജു, എസ്‌ഐ വിജയകുമാർ, നന്ദ കൃഷ്‌ണകുമാർ എന്നവരടങ്ങിയ സംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..