മാരാരിക്കുളം > നേരം ഉച്ചയോടടുത്തപ്പോൾ പതിവുപോലെ അവർ കടത്തിണ്ണയിൽ കാത്തിരുന്നു. ഭക്ഷണപ്പൊതികളുമായി വരുന്ന വാഹനത്തിന്റെ നേർത്ത ശബ്‌ദം പോലും അവർക്ക് തിരിച്ചറിയാനാകും. ആ ശബ്ദം അവരിലേക്കാണ് വരുന്നതെന്ന് അവർക്കറിയാം.
കാരണമുണ്ട്; മറ്റാരും അവരെത്തേടി വരാനില്ലല്ലോ!. ഇന്നുപക്ഷേ ഭക്ഷണപ്പൊതികളുമായി എത്തിയയാളെ കണ്ട് അവർ അത്ഭുതപ്പെട്ടു. എ എം ആരിഫ് എം.പി. ഇതെന്താണെന്നവർ കൗതുകത്തോടെ ചോദിയ്ക്കുമ്പോഴാണ് പിന്നാലെ എത്തിയവരെ റിയാസ് അവർക്ക് പരിചയപ്പെടുത്തിയത്. "അമ്മച്ചീ, ഇന്ന് ഇവരെല്ലാവരും ചേർന്ന് ഭക്ഷണപ്പൊതികളുമായിവന്നത്, ഒരു വിശേഷമുള്ളതിനാലാണ്. നമ്മുടെ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തിലേയ്ക്ക് കടക്കുകയാണ്." റിയാസ് പറഞ്ഞു.
അപ്പോൾ ഇന്ന് സ്പെഷ്യൽ ഉണ്ടാവുമല്ലോ എന്ന ചോദ്യവുമായി അമ്മച്ചി എല്ലാവരിലും ചിരി പടർത്തി. വിശേഷ ദിവസങ്ങളിൽ ഉച്ച ഭക്ഷണപ്പൊതിയിൽ സ്പെഷ്യൽ ഉണ്ടാവാറുണ്ട്. ഇന്ന് ചിക്കൻ ഫ്രൈ ഉണ്ടായിരുന്നു.
ഇങ്ങനെയാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ വാർഷികാഘോഷ പരിപാടികൾ നടന്നത്. രാവിലെ തന്നെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ എത്തിയ ആരിഫ് ഭക്ഷണം പൊതിയുന്നതിലും പങ്കാളിയായിരുന്നു. ജീവതാളം ചെയർമാൻ കെ.ഡി.മഹീന്ദ്രൻ, ട്രഷറർ എൻ.പി.സ്നേഹജൻ, അഡ്വ.ഷീന സനൽകുമാർ, പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്,പി. വിനീതൻ, കെ.വി.രതീഷ്, നൗഷാദ് പുതുവീട് തുടങ്ങിയവർ പങ്കാളികളായി.
ഉച്ചഭക്ഷണം എല്ലാവരിലേക്കും എത്തിച്ചതിന് ശേഷം പ്രവർത്തകരോടൊപ്പം ജനകീയ അടുക്കളയിലിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഉദ്ഘാടകനായ ആരിഫ് യാത്ര പറഞ്ഞത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി മൂന്ന് വർഷം പൂർത്തിയാക്കിയതെന്ന് പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി അഡ്വ. ആർ റിയാസ് പറഞ്ഞു.
മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 80 വാർഡുകളിലായി 400 പേർക്കാണ് ഈ പദ്ധതി വഴി രണ്ടുനേരം ഭക്ഷണം എത്തിക്കുന്നത്. ഒരു ഊണിന് 20 രൂപ എന്ന നിലയിൽ സ്പോൺസർഷിപ്പ് നൽകുവാൻ തയ്യാറായി നിരവധിപേർ വരുന്നുണ്ട്. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് റിയാസ് കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..