ലണ്ടൻ
ദരിദ്ര രാജ്യങ്ങളിലെ 90ശതമാനം പേർക്കും അടുത്ത വർഷം കോവിഡ് വാക്‌സിൻ ലഭിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. വിതരണത്തിന് ലഭ്യമാകുന്നതിൽ ഭൂരിഭാഗവും ഇതിനകം സമ്പന്നരാജ്യങ്ങൾ വാങ്ങിക്കൂട്ടി കഴിഞ്ഞു. ദ പീപ്പിൾസ് വാക്‌സിൻ അലൈൻസിന്റെ കണക്കുപ്രകാരം സമ്പന്ന രാജ്യങ്ങൾ ജനസംഖ്യയുടെ മൂന്നിരട്ടി വാക‌്‌സിൻ ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഇതുമൂലം 67 ദരിദ്ര രാജ്യങ്ങളിൽ 10 പേരിൽ ഒരാൾക്ക് മാത്രമേ വാക്‌സിൻ ലഭിക്കൂ. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരുകളും മരുന്ന് വ്യവസായവും അടിയന്തര നടപടിയെടുക്കണമെന്ന് ആംനെസ്റ്റി ഇന്റർനാഷണലും ഒക്‌സ്‌ഫാമും അടക്കമുള്ള സംഘടനകൾ ഭാഗമായ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
67 രാജ്യങ്ങളിൽ കെനിയ, മ്യാന്മർ, നൈജീരിയ, പാകിസ്ഥാൻ, ഉക്രൈയിൻ എന്നിവിടങ്ങളിൽ 15 ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ലോകജനസംഖ്യയുടെ 14 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങൾ കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം വാക്‌സിന്റെ 53ശതമാനവും കൈയടക്കി. വാക്‌സിൻ ഈ രീതിയിൽ സംഭരിക്കുന്നത് എല്ലാവർക്കും എല്ലായിടത്തും കോവിഡിൽനിന്ന് സംരക്ഷണം ലഭിക്കണമെന്ന ലക്ഷ്യത്തെ ഇല്ലാതാക്കുമെന്ന് ആംനെസ്റ്റിയുടെ സാമ്പത്തിക, സാമൂഹ്യനീതി വിഭാഗം തലവൻ സ്റ്റീവ് കോക്ക്‌ബേൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..