12 December Saturday

തദ്ദേശ തെരഞ്ഞെടുപ്പ്‌ : അവസാന ലാപ്പിലും നട്ടംതിരിഞ്ഞ്‌ യുഡിഎഫും ബിജെപിയും

കെ ശ്രീകണ‌്ഠൻUpdated: Friday Dec 11, 2020


തിരുവനന്തപുരം
പത്ത്‌ ജില്ലയിലെ വിധിയെഴുത്ത്‌ കഴിഞ്ഞതോടെ യുഡിഎഫിനും ബിജെപിക്കും അവരുടെ ദയനീയ ചിത്രം ഏറെക്കുറെ വ്യക്തമായി. കോവിഡ്‌ ആശങ്ക മറികടന്നാണ്‌ പത്ത്‌ ജില്ലയിലും പ്രകടമായ വോട്ടെടുപ്പ്‌ ആവേശം. 2015ലെ തെരഞ്ഞെടുപ്പിന്‌ സമാനമായ ജനവികാരമാണെന്ന നിഗമനത്തിനാണ്‌ മുൻതൂക്കം. അവസാനലാപ്പിൽ നിയമസഭയെയും സ്‌പീക്കറെയുംവരെ പുകമറയിൽ നിർത്താൻ കോൺഗ്രസും ബിജെപിയും നടത്തിയ ശ്രമം അവസാന നിമിഷവും ഇരുകൂട്ടരും നട്ടംതിരിയുന്നതിന്‌ തെളിവാണ്‌.

വോട്ടെടുപ്പ്‌ കഴിഞ്ഞയിടങ്ങളിലെങ്ങും ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നാണ് സൂചന. വികസന, ക്ഷേമ പ്രവർത്തനങ്ങൾ നിരത്തി സർക്കാരിനെതിരായ വിവാദങ്ങളെ നേരിട്ട എൽഡിഎഫ്‌ പ്രചാരണതന്ത്രം വലിയ സ്വാധീനം ചെലുത്തി‌. നിഷേധ വോട്ടിന്‌ പകരം വികസനത്തിന്‌ പിന്തുണ എന്ന ജനവികാരം എൽഡിഎഫിന്‌‌‌ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഒരു ഘട്ടത്തിലും വികസന ചർച്ചയ്‌ക്ക്‌ ഇടംകൊടുക്കാതെ വിവാദങ്ങളിലും ആരോപണങ്ങളിലും അഭിരമിക്കുകയായിരുന്നു പ്രതിപക്ഷം. 

ഒന്നാം ഘട്ടത്തിലെ അഞ്ച്‌ ജില്ലയിൽ ആധിപത്യമുണ്ടാകില്ലെന്ന്‌ യുഡിഎഫിനും ബിജെപിക്കും ഉറപ്പാണ്‌. ഏറെ വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷത്തോടെ എൽഡിഎഫിന്‌ ഭരണത്തുടർച്ച ലഭിക്കുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വവും കണക്ക്‌കൂട്ടുന്നു. 

കൊല്ലം കോർപറേഷൻ രൂപീകൃതമായതുമുതലുള്ള എൽഡിഎഫ്‌ ആധിപത്യത്തിനും മാറ്റമുണ്ടാകില്ല. ജില്ലാ, പഞ്ചായത്ത്‌, നഗരസഭകൾ എന്നിവിടങ്ങളിലും എൽഡിഎഫ് മേൽക്കൈ നിലനിർത്തും. ആലപ്പുഴയിൽ കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റമുണ്ടാകുമെന്നാണ്‌ കണക്കു‌കൂട്ടൽ. ആലപ്പുഴ നഗരസഭയിൽ അട്ടിമറി വിജയമെന്ന പ്രതീക്ഷയുമുണ്ട്‌.

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന വിധിയെഴുത്താണ്‌ കോട്ടയം, പത്തനംതിട്ട,  ഇടുക്കി എന്നിവിടങ്ങളിലേത്‌. കേരള കോൺഗ്രസ്‌ എമ്മിന്റെ എൽഡിഎഫ്‌ പ്രവേശം മൂന്നിടത്തും മത്സരത്തിനും വീറും വാശിയും കൂട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പിടിച്ചെടുക്കുന്നതിന്‌ പുറമെ വലിയ മുന്നേറ്റവും എൽഡിഎഫ്‌ പ്രതീക്ഷിക്കുന്നു.  ഗ്രാമപഞ്ചായത്തുകളിലും ഇതാണ്‌ പ്രതീതി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മുൻതവണത്തേക്കാൾ വാശിയേറിയ മത്സരമാണ്‌ എൽഡിഎഫ്‌ കാഴ്‌ചവച്ചത്‌.

എറണാകുളത്ത്‌ ശ്രദ്ധേയമായ മത്സരം കൊച്ചി കോർപറേഷനിലാണ്‌. ഭരണം മാറിമറിയുമെന്ന വികാരത്തിനാണ്‌ മുൻതൂക്കം. സ്ഥാനാർഥി നിർണയത്തിലും മേയർ സ്ഥാനാർഥിയെ നിർണയിച്ചതിലും കോൺഗ്രസിൽ ഉയർന്ന മുറുമുറുപ്പ്‌ വോട്ടെടുപ്പുവരെ നിലനിന്നു.

തൃശൂർ, പാലക്കാട്‌ ജില്ലകളിൽ നല്ല മത്സരം അരങ്ങേറിയെങ്കിലും രണ്ടിടത്തും എൽഡിഎഫാകും മുന്നോട്ടുവരികയെന്ന്‌ യുഡിഎഫിനും ബിജെപിക്കും അറിയാം. തിരുവനന്തപുരം കഴിഞ്ഞാൽ ബിജെപി നോട്ടമിട്ട കോർപറേഷൻ തൃശൂർ ആണ്‌. ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട്‌ നിലനിർത്താൻ കഴിയുമോയെന്ന സംശയം ബിജെപി കേന്ദ്രങ്ങളിലുണ്ട്‌.
അടുത്ത ഘട്ടമായ വടക്കൻ മലബാർ മേഖലയിൽ എൽഡിഎഫിന്‌ യുഡിഎഫ്,‌ ബിജെപി മുന്നണികളിൽനിന്ന്‌ കാര്യമായ ഭീഷണികളില്ല‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top