ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയിൽനിന്നും അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ച് കാർഷിക ശാസ്‌ത്രജ്ഞൻ. പഞ്ചാബ് സർവകലാശാല പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റായ ഡോ. വരീന്ദർപാൽ സിങ്ങാണ് കേന്ദ്ര രാസവസ്‌തു–-രാസവള മന്ത്രി ഡി വി സദാനന്ദഗൗഡയിൽനിന്നും അവാർഡ് വാങ്ങില്ലെന്ന് പരസ്യമായി വേദിയിലെത്തി പ്രഖ്യാപിച്ചത്. കാർഷികമേഖലയ്‌ക്ക് നൽകിയ ഈടുറ്റസംഭാവനകളുടെ പേരിലാണ് ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യ വരീന്ദർപാലിന് ഗോൾഡൻ ജൂബിലി അവാർഡ് പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സദാനന്ദഗൗഡയായിരുന്നു വിശിഷ്ടാതിഥി. അവാർഡ് വാങ്ങാനുള്ള ഊഴം എത്തിയപ്പോൾ വേദിയിൽ എത്തിയ വരീന്ദർപാൽ മന്ത്രിയിൽനിന്നും അവാർഡ് വാങ്ങാൻ വിസമ്മതിച്ചു.
‘കർഷകർ റോഡിൽ സമരം ചെയ്യുന്ന അവസരത്തിൽ ഈ അവാർഡ് സ്വീകരിക്കാൻ എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല. നമ്മൾ ഒന്നിച്ചു നിന്ന് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട അവസരമാണിത്. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണം. കർഷകർക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. അതുകൊണ്ട്, ഈ വേളയിൽ അവാർഡ് സ്വീകരിച്ചാൽ അത് കർഷകരോടുള്ള നന്ദികേടാകും’–- വരീന്ദർപാൽ പറഞ്ഞു. ‘ഞാൻ കർഷകർക്ക് വേണ്ടി നിലകൊള്ളുന്നു’ എന്ന മുദ്രാവാക്യവും മുഴക്കി.
അവാർഡ് സ്വീകരിക്കാൻ കേന്ദ്രമന്ത്രിയും സംഘാടകരും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വരീന്ദർപാൽ തയ്യാറായില്ല. പിന്നീട് തന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിക്കും സദാനന്ദഗൗഡയ്‌ക്കും വരീന്ദർപാൽ കത്തും അയച്ചു. അന്നദാതാക്കളായ കർഷകരോടുള്ള സർക്കാർനിലപാടും അവരെ ‘ഭീകരന്മാരാക്കുന്ന’ ആസൂത്രിതപ്രചാരണങ്ങളും തന്റെ ഹൃദയം തകർത്തതായി വരീന്ദർപാൽ കത്തിൽ വിവരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..