മലപ്പുറം
ദുരിതങ്ങളിൽ സാധാരണക്കാരന് താങ്ങായ സർക്കാരിനെ അട്ടിമറിക്കാനുണ്ടാക്കിയ അപമാനകരമായ രാഷ്‌ട്രീയ കൂട്ടുകെട്ടിനെ കേരളം നിരാകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. മലപ്പുറത്തെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി, ജമാഅത്തെ ഇസ്ലാമി, ലീഗ്, കോൺഗ്രസ് എന്നിവർ ഒന്നിച്ചാണ്. വളരെ തകരാറുപിടിച്ച രാഷ്‌ട്രീയസഖ്യമാണിത്. ഇവർക്കെങ്ങനെയാണ് ഒന്നിച്ച് നിൽക്കാനാവുകയെന്നും ഏത് രാഷ്‌ട്രീയമാണ് ഇവരെ ഒന്നിപ്പിക്കുന്നതെന്നും അദ്ദേഹം
ചോദിച്ചു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ തുടർന്നാൽ വർഗീയ സംഘർഷമുണ്ടാക്കാൻ കഴിയില്ല. അഴിമതി നടത്തി കാശ് അടിച്ചുമാറ്റാനും വർഗീയ താൽപ്പര്യങ്ങൾ നടപ്പാക്കാനും കഴിയില്ല. ആ തിരിച്ചറിവിൽനിന്നാണ് തെറ്റായ നീക്കങ്ങൾ നടത്തുന്നത്. കളവുപറഞ്ഞ് ജയിക്കാനാകുമോയെന്ന് നോക്കുന്നു. രാവിലെമുതൽ വൈകുന്നേരംവരെ കളവുപറയുന്നു. ബിജെപി സഹായത്തോടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു.
അഞ്ചുമാസമായിട്ടും സ്വർണക്കടത്തിലെ ഏതെങ്കിലും പ്രതിയെ അറസ്റ്റ്‌ചെയ്യാൻ സാധിച്ചോ? അവർക്ക് കള്ളൻമാരെ പിടിക്കേണ്ട. പകരം സംസ്ഥാന സർക്കാരിനെ അട്ടിമറിക്കണം. ഈ വെല്ലുവിളിയെ ജനപിന്തുണയിൽ എൽഡിഎഫ് അതിജീവിക്കും. കേരളാ കോൺഗ്രസ് എം പോയതോടെ ചിറകറ്റ പക്ഷിയായി യുഡിഎഫ് മാറി. തദ്ദേശ തെരഞ്ഞെടുപ്പോടെ ഇതിലും വലിയ തകർച്ചയിലേക്ക് അവർ പോകും.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കും. രാഷ്‌ട്രീയമായി കരുത്ത് വർധിക്കും. സംഘപരിവാറിന്റെ തെറ്റായ നിലപാടുകൾക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരുന്നതാകും കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് മികച്ച വിജയം നേടും
അപവാദവും വ്യക്തിഹത്യയും വിലപ്പോകില്ല
സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള ജനത എൽഡിഎഫിന് മികച്ച വിജയം സമ്മാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിന് രാഷ്‌ട്രീയ മൂല്യം ഇല്ലാതായി. അധികാരത്തിനായി വർഗീയ ശക്തികളെ കൂട്ടുപിടിച്ച് നാടിന്റെ മതനിരപേക്ഷത തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃശൂർ കേരളവർമ കോളേജിൽ വോട്ട് ചെയ്‌തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപവാദ പ്രചാരണങ്ങൾ നടത്തി നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. അത് വിലപ്പോകില്ല. മുഖ്യമന്ത്രിയേയും സ്‌പീക്കറേയും വ്യക്തിഹത്യ നടത്തുകയാണ്. ഇത് ചെറുക്കും. കഴിഞ്ഞ നാളുകളിൽ നേരിട്ട എല്ലാ പ്രതിസന്ധികളേയും മറികടന്ന് നാടിനെ വികസനക്കുതിപ്പിലേക്ക് നയിച്ച സർക്കാരാണ് എൽഡിഎഫിന്റേത്. ഇതാണ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുക.
കേരള കോൺഗ്രസിന് സ്വാധീനമുള്ളിടത്ത് എൽഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.
ഭാര്യ ഡോ. ആർ ബിന്ദുവിനൊപ്പം രാവിലെ ഒമ്പതരയോടെ എത്തിയാണ് വിജയരാഘവൻ വോട്ട് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..