10 December Thursday

എം കെ മുനീറും ഇഡിക്കു മുന്നിലേക്ക്‌; തെരഞ്ഞെടുപ്പിനു ശേഷം ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിലേക്ക്‌. മുനീറിനെ അടുത്ത ദിവസം ഇഡി ചോദ്യം ചെയ്യും. മിക്കവാറും തദ്ദേശ  തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാകും ചോദ്യം ചെയ്യൽ. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശയും മുനീറിന്റെ ഭാര്യ നഫീസയും ചേർന്നാണ് മാലൂർകുന്നിൽ  ഭൂമി വാങ്ങിയത്‌ ‌. നഫീസയെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തപ്പോൾ  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മുനീറിനെ ഇഡി വിളിച്ചുവരുത്തുക.

ഭൂമി വാങ്ങിയത്‌ മുനീർ അറിഞ്ഞാണെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ്‌ നഫീസയുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ്‌ മുനീറിനെ ചോദ്യം ചെയ്യുന്നത്‌.

പാറോപ്പടി സെന്റ്‌ ആന്റണി ഫൊറോന പള്ളി, സെമിത്തേരി നിർമിക്കാൻ തീരുമാനിച്ച ഭൂമിയിൽനിന്നാണ്‌ ഷാജിയും മുനീറും മുസ്‌ലീംലീഗിന്റെ രണ്ട്‌ പ്രമുഖരും ചേർന്ന്‌ ഭൂമി വാങ്ങിയത്‌. ഷാജിയുടെ ഭാര്യ ആശയുടെയും മുനീറിന്റെ ഭാര്യ നഫീസയുടെയും മറ്റ്‌ രണ്ടാളുടെയും പേരിലാണ് 92 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തത്. ഒരു കോടി രണ്ടര ലക്ഷം രൂപക്കാണ് സ്ഥലം വാങ്ങിയതെന്നാണ്‌‌ പള്ളി അധികൃതരുമായി ഒപ്പിട്ട കരാറിലുള്ളത്‌‌. എന്നാൽ, 37,27,400 രൂപ നൽകി‌ സ്ഥലം വാങ്ങിയെന്നാണ്‌ ആധാരത്തിൽ കാണിച്ചത്‌. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 42 സെന്റ് സ്ഥലത്തിന് 15, 77,700 രൂപയും മുനീറിന്റെ ഭാര്യ നഫീസയുടെ പേരിലുള്ള 30 സെന്റിന്‌ 12,77,700 രൂപയും മറ്റു രണ്ടുപേരുടെ ഭൂമിക്ക് 8,72,000 രൂപയുമാണ് ആധാരത്തിൽ വിലയിട്ടത്‌.

രജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചുവെന്നതിന്‌ തെളിവാണിത്‌. മുനീർ എംഎൽഎ ആയിരിക്കുമ്പോഴാണ്‌ സർക്കാരിന്‌ ലക്ഷങ്ങൾ നഷ്ടം വന്ന ഇടപാട്‌ നടന്നത്‌. പിന്നീട് മുനീറിന്റെ   സ്ഥലം വേങ്ങരിയിലെ  ലീഗ്‌ നേതാവിന്‌ വിറ്റു. ഇതേപ്പറ്റി ഐഎൻഎൽ നേതാവ്‌ എൻ കെ അബ്ദുൾ അസീസ്‌ നൽകിയ പരാതിയിലാണ്‌  ഇഡി അന്വേഷണം‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top