കണ്ണൂർ> കോർപ്പറേഷനായി മാറിയ കണ്ണൂരിൽ മാറ്റം കണ്ടുതുടങ്ങിയത് എൽഡിഎഫ് അധികാരത്തിലിരുന്നപ്പോഴാണെന്നത് ഒട്ടും അതിശയോക്തിയല്ല, അനുഭവമാണ്. നഗരസഭയിൽ പതിറ്റാണ്ടുകൾ തുടർന്ന യുഡിഎഫ് ഭരണവും നാലുവർഷത്തെ എൽഡിഎഫ് ഭരണവുമാണ് വോട്ടർമാർ വിലയിരുത്തുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മേയർമാരായിരുന്നു കണ്ണൂർ കോർപ്പറേഷന്. ആദ്യ നാലുവർഷം ഭരിച്ച എൽഡിഎഫിനെ അട്ടിമറിച്ച യുഡിഎഫിന് ഒരു വർഷത്തിനുള്ളിൽ രണ്ട് മേയർമാരുണ്ടായി. വിവിധ പദ്ധതികൾ സംയോജിപ്പിച്ച് നഗരാസൂത്രണം എങ്ങനെ ഫലപ്രദമാക്കാമെന്ന് നാലുവർഷത്തെ എൽഡിഎഫ് ഭരണം കണ്ണൂരിന് കാട്ടിക്കൊടുത്തു.
യുഡിഎഫ് എംഎൽമാരെമാത്രം നിയമസഭയിലേക്ക് അയച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് പ്രതിനിധികൂടിയായതോടെയാണ് നഗരവികസനത്തിന് ദിശാബോധം കൈവന്നത്. അവസാന 13 മാസം യുഡിഎഫാണ് കോർപ്പറേഷൻ ഭരിച്ചതെങ്കിലും എൽഡിഎഫ് തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണവും അന്തിമ അനുമതി ലഭ്യമായവയുടെ തുടക്കവുംമാത്രമേ അവർക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ‘ഞങ്ങൾ പൂർത്തിയാക്കിയ’ പദ്ധതികളെന്നാണ് യുഡിഎഫ് നോട്ടീസിന്റെ തലക്കെട്ടും.
കണ്ണൂർ നഗരസഭയോട് സമീപ പഞ്ചായത്തുകളായ പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂർ, ചേലോറ എന്നിവ ചേർത്ത് 2015ലാണ് കോർപ്പറേഷൻ രൂപീകരിച്ചത്.
55 സീറ്റുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫും യുഡിഎഫും 27 വീതം നേടി. സ്വതന്ത്രനായി ജയിച്ച കോൺഗ്രസ് വിമതന്റെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്. 13 മാസം ബാക്കിനിൽക്കെ, എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്രൻ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയതോടെ ഭരണം നഷ്ടമായി. അധികാര വടംവലിയുടെ ഫലമായി യുഡിഎഫിന് ഒരു വർഷത്തിനിടെ രണ്ട് മേയർമാരെ അവരോധിക്കേണ്ടിവന്നു. കോൺഗ്രസും ലീഗും തമ്മിലുള്ള അധികാരത്തർക്കം ഭരണത്തെയും പദ്ധതികളുടെ പൂർത്തീകരണത്തെയും ബാധിച്ചു.
എൽഡിഎഫിൽ സിപിഐ എം 42 സീറ്റിലും സിപിഐ ആറിലും ഐഎൻഎൽ മൂന്നിലും ജനതാദൾ–-എസ്, കോൺഗ്രസ് –-എസ്, എൽജെഡി, കേരള കോൺഗ്രസ് –-എം എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. സീറ്റുമോഹികളുടെ ബാഹുല്യം കാരണം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻപോലും യുഡിഎഫ് നന്നേ പണിപ്പെട്ടു. കോൺഗ്രസ് 36 സീറ്റിലും മുസ്ലിംലീഗ് 18ലും സിഎംപി ഒന്നിലും മത്സരിക്കുന്നു. തായത്തെരു, കാനത്തൂർ, തെക്കീബസാർ, താളിക്കാവ് എന്നിവിടങ്ങളിലാണ് കോൺഗ്രസിന് വിമതസ്ഥാനാർഥികളുള്ളത്. ചാലാട് ലീഗിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും.
വ്യക്തമായ ഭൂരിപക്ഷത്തോടെ കോർപ്പറേഷൻ ഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ഡിവിഷനെല്ലാം നിലനിർത്തുന്നതിനൊപ്പം കൂടുതൽ സീറ്റ് പിടിച്ചെടുക്കാമെന്നുമുള്ള ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. ലീഗ്, കോൺഗ്രസ് കോട്ടകളിലുണ്ടായ വിള്ളലും എൽഡിഎഫിന് ഗുണമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..