ന്യൂഡൽഹി
സമരം തീർക്കാൻ മൂന്ന് കാർഷികനിയമവും ഭേദഗതിചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം ഒറ്റക്കെട്ടായി തള്ളി കർഷകസംഘടനകൾ. കാർഷികനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കുംവരെ സമരം ശക്തമായി തുടരാനും രാജ്യവ്യാപകമായി കോർപറേറ്റ് വിരുദ്ധ പ്രചാരണം ശക്തമാക്കാനും സമരസമിതി തീരുമാനിച്ചു. ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തും. ഡല്‍ഹി- –ജയ്‌പുര്‍ ദേശീയപാതയില്‍ 12ന് ഉപരോധ മാര്‍ച്ച് നടത്തും. രാജ്യത്തെ എല്ലാ ജില്ലയിലും ധർണ നടത്തും. 14ന് രാജ്യമെങ്ങും ഒറ്റക്കെട്ടായി കര്‍ഷകപ്രതിഷേധമുയരും. റിലയന്‍സിന്റെ ജിയോ ഫോണ്‍ സേവനവും അദാനി ഗ്രൂപ്പിന്റെ ഉൽപ്പന്നങ്ങളും കര്‍ഷകര്‍ ഉപേക്ഷിക്കും. റിലയന്‍സ് മാളുകള്‍ ബഹിഷ്കരിക്കും.
ചൊവ്വാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് കേന്ദ്രം പുതിയ നിർദേശംവച്ചത്. വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ എഴുതി നൽകാമെന്നും അറിയിച്ചു. മിനിമം താങ്ങുവില (എംഎസ്‌പി) തുടരും, എപിഎംസി ചന്തകൾക്ക് പുറത്ത് തുടങ്ങുന്ന സ്വകാര്യചന്തകളിൽ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകും, തർക്കം തീർക്കാൻ കോടതികളെ സമീപിക്കാം എന്നീ ഭേദഗതികളാണ് സർക്കാർ നിർദേശിച്ചത്.
പുതിയ നിയമങ്ങൾ കർഷകരെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാർ അവകാശപ്പെട്ടു. എന്നാല്‍, കാർഷികനിയമങ്ങളിലെ കുഴപ്പം ഭേദഗതിവഴി പരിഹരിക്കാനാകില്ലെന്ന് കർഷകസംഘടനകൾ പറഞ്ഞു. മോഡി സർക്കാരും അംബാനിയും അദാനിയും തമ്മിലുള്ള ചങ്ങാത്തം തുറന്നുകാട്ടാൻ രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കാൻ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
രാഷ്ട്രപതിക്ക് നിവേദനം നൽകി
കർഷകപ്രക്ഷോഭം ഒത്തുതീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 25 രാഷ്ട്രീയപാർടിയുടെ സംയുക്തനിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നൽകി. സീതാറാം യെച്ചൂരി (സിപിഐ എം), ഡി രാജ (സിപിഐ), രാഹുൽഗാന്ധി (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), ടി കെ എസ് ഇളങ്കോവൻ (ഡിഎംകെ) എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കൃഷിയെയും കർഷകരെയും തകർക്കുന്ന നിയമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിവേദനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അന്നദാതാക്കളുടെ ആവശ്യം മാനിച്ച് നിയമങ്ങൾ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ "ഭരണഘടനയുടെ കാവൽക്കാരൻ' എന്ന നിലയിൽ തയ്യാറാകണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാലാണ് സംഘാംഗങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..