തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സംസ്ഥാനത്താകെ 244 കേന്ദ്രത്തിൽ. മൂന്നുഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിനാണ് ആരംഭിക്കുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലാണ്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അതത് സ്ഥാപനത്തിൽ വോട്ടെണ്ണും.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം ഹാൾ ഉണ്ടാകും. എട്ട് പോളിങ് സ്‌റ്റേഷന് ഒരു ടേബിൾ എന്ന രീതിയിൽ വേണം സജ്ജീകരിക്കാൻ. ഒരു വാർഡിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ ക്രമീകരിക്കണം.
തപാൽ വോട്ടുകൾ ആദ്യം
ത്രിതല പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽനിന്ന് കൺട്രോൾ യൂണിറ്റുകൾ വാങ്ങേണ്ടത്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുണ്ടെങ്കിൽ ഒരു ടേബിളിലാണ് എണ്ണേണ്ടത്.
വിവരങ്ങൾ ട്രെൻഡ് വഴി
ട്രെൻഡ് സോഫ്റ്റ്‌വെയറിലേക്ക് വോട്ടിങ് വിവരം അപ്‌ലോഡ് ചെയ്യാനായി കൗണ്ടിങ് സെന്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും നഗരസഭകളിലെ കൗണ്ടിങ് സെന്ററുകളിലും ഡാറ്റാ അപ്‌ലോഡിങ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഡാറ്റാ അപ്‌ലോഡിങ് സെന്ററിൽ ലഭിക്കുന്ന കൗണ്ടിങ് സ്ലിപ്പിലെ വിവരങ്ങൾ അപ്പോൾ തന്നെ ട്രെൻഡിൽ എൻട്രി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. വോട്ടെണ്ണലിനുശേഷം ത്രിതല പഞ്ചായത്തുകളിൽ സൂക്ഷിക്കേണ്ട രേഖകളും കൺട്രോൾ യൂണിറ്റിലെ ഡിറ്റാച്ചബിൾ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട ട്രഷറികളിൽ സൂക്ഷിക്കും. എന്നാൽ, നഗരസഭകളിൽ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിങ് യന്ത്രംകൂടി ട്രഷറികളിൽ സൂക്ഷിക്കും. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിനോടൊപ്പമുള്ള രേഖകളും സൂക്ഷിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..