ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ചായി നിയമിതനായ പി രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു
കൊച്ചി
വലിയൊരു ഭാരം തലയിൽ എടുത്തവച്ച ഭാവമൊന്നും രാധാകൃഷ്ണൻനായർക്കില്ല. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ശുഭപ്രതീക്ഷ മാത്രം. കഠിനാധ്വാനം, സമർപ്പണം, പിന്നെ ഭ്രാന്തമായ ആവേശം. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ച് പദവിയിൽ എത്തിയതിനെക്കുറിച്ച് ചോദിച്ചാൽ ഉത്തരം. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്‌ക്കടുത്ത് കഞ്ഞിക്കുഴിയിൽനിന്ന് ഉന്നത പദവിയിലെത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നു.
പ്രതീക്ഷയുടെ ട്രാക്ക്
വലിയ ഉത്തരവാദിത്തമാണ്. പക്ഷേ, ഞാനത് ആസ്വദിക്കുന്നു. സമർപ്പണമാണ് ഈ പദവിയിൽ എത്തിച്ചത്. പൂർണസമയം വേണ്ട ജോലിയാണിത്. രാവിലെ 6.30ന് തുടങ്ങി രാത്രി 11 വരെ നീളുന്നു. താഴേത്തട്ടിൽ പുതിയ താരങ്ങളെ കണ്ടെത്താനും അവർക്ക് പരിശീലനം നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. നമുക്ക് ഒന്നാംനിര മാത്രം പോരാ. മികച്ച രണ്ടും മൂന്നും നിരകളും വേണം. ജൂനിയർ, യൂത്ത് തലത്തിൽ നല്ല ശ്രദ്ധവേണം. അടുത്തവർഷംമുതൽ അണ്ടർ 23 ചാമ്പ്യൻഷിപ് നടത്തുന്നുണ്ട്.
കോവിഡിന്റെ ഹാമർ
എല്ലാ പദ്ധതികളും തകിടംമറിച്ചു. എന്നാൽ, പരിശീലനം തുടരാനായി. ഒളിമ്പിക്സ് ലക്ഷ്യമിട്ട് പട്യാലയിലും ബംഗളൂരുവിലും പരിശീലനം നടക്കുന്നു. പട്യാല ക്യാമ്പിൽ 64 അത്‌ലീറ്റുകളുണ്ട്. ബംഗളൂരുവിൽ 15. ആർക്കും കോവിഡ് ബാധിച്ചില്ലെന്നതാണ് പ്രധാനം. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പരിശീലനം സാധ്യമായത് ഗുണം ചെയ്യും.
ടോക്യോയിലേക്ക് ജമ്പ്
അടുത്തവർഷം ടോക്യോയിൽ ഒളിമ്പിക്സ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ജപ്പാനും നൽകുന്ന സൂചന അതാണ്. അത്‌ലറ്റിക്സിൽ രണ്ടോ മൂന്നോ മെഡൽ പ്രതീക്ഷിക്കുന്നു. അത് വെറുതെ പറയുന്നതല്ല. തുടർപരിശീലനവും സാധ്യതയും വിലയിരുത്തിയാണ്. അഞ്ചുപേരാണ് നിലവിൽ വ്യക്തിഗത ഇനങ്ങളിൽ യോഗ്യത നേടിയത്. കെ ടി ഇർഫാൻ (നടത്തം), നീരജ് ചോപ്ര (ജാവ്‌ലിൻ ത്രോ), ഭാവന ജാട്ട് (നടത്തം), അവിനാഷ് സാബ്‌ലേ (3000 മീറ്ററർ സ്‌റ്റീപ്പിൾ ചേസ്), ശിവ്‌പാൽസിങ് (ജാവ്‌ലിൻ ത്രോ) എന്നിവരാണ്. 4–400 മീറ്റർ മിക്സഡ് റിലേ ടീമും ടോക്യോയിലുണ്ടാകും. പുരുഷ, വനിതാ 4–400 റിലേ ടീമുകൾ നിലവിലെ റാങ്ക് പ്രകാരം ഒളിമ്പിക്സിന് അർഹരാണ്. അഞ്ചുപേർകൂടി വ്യക്തിഗത ഇനങ്ങളിൽ യോഗ്യത നേടുമെന്നാണ് കരുതുന്നത്. ഡിസംബർ ഒന്നുമുതൽ ജൂൺ 29 വരെ യോഗ്യത നേടാൻ അവസരമുണ്ട്.
ചാടിക്കടക്കാം ഹർഡിലുകൾ
വിവിധ സംസ്ഥാനങ്ങളിൽ പരിശീലനവും മത്സരങ്ങളും പൂർണതോതിൽ തുടങ്ങാനായിട്ടില്ല. അസമിൽ മത്സരങ്ങൾ തുടങ്ങി. മറ്റു സംസ്ഥാനങ്ങൾ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഫെബ്രുവരി 12നും 19നും തിരുവനന്തപുരത്ത് ഗ്രാൻപ്രികൾ നടക്കും. 27ന് പട്യാലയിൽ മൂന്നാം ഗ്രാൻപ്രി. മാർച്ചിൽ ഫെഡറേഷൻ കപ്പ്, ജൂണിൽ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്. രാജ്യാന്തരതലത്തിൽ ഏപ്രിലിൽ ഏഷ്യൻ, ലോക റിലേ ചാമ്പ്യഷിപ്പുകളുണ്ട്. മേയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..