തിരുവനന്തപുരം > കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക മേഖലയിൽ കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന കോർപ്പറേറ്റ് അനുകൂല വിവാദ നിയമങ്ങൾക്കെതിരെ ആരംഭിച്ച കർഷക സമരം രാജ്യമെങ്ങും കൂടുതൽ കരുത്താർജ്ജിക്കുകയാണ്. വലിയ ജനപിന്തുണയാണ് വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന സമരം നേടിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ഈ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങൾ സ്വമേധയാ പിന്തുണയുമായി രംഗത്തു വരുന്നു.
കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലിൽ പാർപ്പിച്ചും കായികമായി നേരിട്ടും കർഷക രോഷത്തെ നിർവീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ കർഷകർക്കുള്ള പിന്തുണ വർധിപ്പിക്കുകയേ ഉള്ളൂ.
കർഷകരുടെ ന്യായമായ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കാനും അവർക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം.
ആഗോളവൽക്കരണത്തിൻ്റെ ആരംഭം മുതൽ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കർഷകർ കൊടിയ അനീതിനേരിടുകയാണ്. കോർപ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കർഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. അക്കാര്യത്തിൽ പൊതു സമൂഹത്തിൻ്റെ ഒന്നാകെ പിന്തുണ കർഷകർക്ക് ഉറപ്പു വരുത്തണം. അതിനായി നാമോരുത്തരും മുന്നോട്ടു വരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..