ന്യൂഡൽഹി
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് പ്രതിരോധ മരുന്ന് ‘കോവിഷീൾഡ്’ ഡോസിന് 250 രൂപയ്‌ക്ക് കേന്ദ്രസർക്കാരിന് നൽകും. ബ്രിട്ടീഷ്–സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കുവേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ ഉൽപ്പാദന–-പരീക്ഷണ കരാർ പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിനാണ്. വിപണിയിൽ ഡോസിന് ആയിരം രൂപ വിലവരുമെന്നാണ് മുമ്പ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല അറിയിച്ചിരുന്നത്.
വാക്‌സിൻ 50 ശതമാനവും ഇന്ത്യക്ക് നൽകുമെന്നും പൂനവാല മുമ്പ് വ്യക്തമാക്കിയിരുന്നു. വാക്‌സിൻ വൻതോതിൽ വാങ്ങാൻ സർക്കാർ തീരുമാനം എടുത്തതോടെയാണ് കമ്പനി 250 രൂപയ്‌ക്ക് നൽകാൻ തയ്യാറായതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഇതിനിടെ, ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവാദംതേടി. ഇതിനുമുമ്പ് ഫൈസറും സെറം ഇൻസ്‌റ്റിറ്റ്യൂട്ടും അടിയന്തര വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഈ അപേക്ഷകളിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ പരിശോധന തുടങ്ങിയിട്ടുണ്ട്. സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവ വിലയിരുത്തിയശേഷം വിദഗ്‌ധസമിതിക്ക് ശുപാർശ സമർപ്പിക്കും.
അടിയന്തര ഉപയോഗം അനുവദിക്കുന്നതിൽ വിദഗ്‌ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചശേഷമാകും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അന്തിമ തീരുമാനം എടുക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..