10 December Thursday

അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ ചട്ടുകം: പന്ന്യൻ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 9, 2020


കോഴിക്കോട്‌
അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന്‌ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. അധികാരം ഉപയോഗിച്ച്‌ കേന്ദ്ര ഏജൻസികളെ അമിത്‌ഷാ കൈപ്പിടിയിൽ ഒതുക്കി. ബിജെപിയുടെ കണ്ണിലെ കരടാണ്‌ ഇടതുപക്ഷം. അതുകൊണ്ടാണ്‌ ഏജൻസികൾ കേരളത്തെ ലക്ഷ്യംവയ്‌‌ക്കുന്നതെന്നും കലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികളെ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തില്ല. അവർ ഏതറ്റംവരെ പോകുമെന്ന്‌ നോക്കാം‌. സ്വർണക്കള്ളക്കടത്ത്‌ വിഷയത്തിൽ പ്രതിപക്ഷം അപവാദ പ്രചാരണം നടത്തുകയാണ്‌. സർക്കാരിനെതിരെ അഴിമതി ആരോപണമൊന്നും പ്രതിപക്ഷത്തിന്‌ ഉന്നയിക്കാനായിട്ടില്ല.  അപവാദ പ്രചാരണങ്ങൾ തള്ളി തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വൻവിജയം നേടും.

രാഷ്ട്രീയ സത്യസന്ധതയില്ലാതെ അവിശുദ്ധ സഖ്യത്തിലാണ്‌ യുഡിഎഫ്‌. ജനങ്ങൾക്കുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യുന്ന എൽഡിഎഫിനെ തോൽപ്പിക്കാനാണ്‌ മത വർഗീയ കക്ഷികളുമായി രഹസ്യവും പരസ്യവുമായ ബന്ധം. ഇതപകടമാണ്‌.
എൽജെഡിയും കേരള കോൺഗ്രസും മുന്നണി വിട്ടതോടെ  യുഡിഎഫ്‌ തകർച്ചയിലാണ്‌. എന്നാൽ 11 പാർടികളുള്ള മുന്നണിയായി എൽഡിഎഫ്‌ വളർന്നു.  നിലനിൽപ്പിനുവേണ്ടി പെടാപ്പാടിലാണ്‌ യുഡിഎഫും ബിജെപിയും.

വാഗ്‌ദാനങ്ങൾ നടപ്പാക്കുന്ന സർക്കാരാണ്‌ എൽഡിഎഫിന്റേത്‌. യുഡിഎഫാകട്ടെ വാഗ്‌ദാനം നൽകും, മറക്കും. എൽഡിഎഫ്‌ സർക്കാരിൽ  ജനങ്ങൾക്ക്‌ നല്ല വിശ്വാസമുണ്ട്‌. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ശത്രുസൈന്യത്തെ എന്ന പോലെയാണ്‌   കർഷകരെ‌ കേന്ദ്ര സർക്കാർ നേരിടുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top