09 December Wednesday

കർഷക ദുരിതത്തിന്റെ 6 വർഷം; പ്രക്ഷോഭത്തിന്റെയും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 9, 2020


ന്യൂഡൽഹി
2015ൽ ആണ്‌ മോഡിസർക്കാരിന്റെ കർഷകവഞ്ചനയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ തുടങ്ങിയത്‌‌. കോർപറേറ്റ്‌ താൽപ്പര്യം സംരക്ഷിക്കാൻ  കേന്ദ്രം കൊണ്ടുവന്ന  ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരെ 2015 ജനുവരിയിൽ  ആരംഭിച്ച പ്രക്ഷോഭം വിജയം കണ്ടു.  ഭൂമി അധികാർ ആന്ദോളൻ രാജ്യവ്യാപകമായി ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന്‌ കേന്ദ്രം നിയമഭേദഗതി നീക്കം ഉപേക്ഷിച്ചു.

സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില (എംഎസ്‌പി) വിളകൾക്ക്‌ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2017 ജൂണിൽ നൂറിൽപ്പരം കർഷകസംഘടനകൾ ചേർന്ന്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിൽ 300ൽപ്പരം സംഘടനകൾ അംഗങ്ങളാണ്‌‌.

രാജ്യത്ത്‌ 2017 മുതൽ നടന്ന പ്രധാന കർഷക പ്രക്ഷോഭങ്ങൾ:

തമിഴ്‌നാട്‌ കർഷകർ ഡൽഹിയിൽ
കടാശ്വാസ പദ്ധതിയും  വരൾച്ച ദുരിതാശ്വാസവും  ആവശ്യപ്പെട്ട്‌   2017 തുടക്കത്തിൽ തമിഴ്‌നാട്‌ കർഷകർ ഡൽഹിയിൽ 41 ദിവസം നീണ്ട സമരം നടത്തി. തുടർന്ന്‌ നാട്ടിലേ‌ക്ക്‌ മടങ്ങിയ അവർ തിരിച്ചെത്തിയത്‌ ആത്മഹത്യ ചെയ്‌ത കർഷകരുടെ തലയോട്ടികളുമായാണ്‌. രാജ്യശ്രദ്ധ നേടുന്ന പ്രതിഷേധമുറകൾ അവർ സ്വീകരിച്ചു.

സിക്കർ, രാജസ്ഥാൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ 2017 സെപ്‌തംബറിൽ സീക്കറിൽ കർഷകർ ദീർഘമായ പ്രക്ഷോഭം നടത്തി.

കിസാൻമുക്തി യാത്ര
അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ 2017 നവംബറിൽ രാജ്യത്ത്‌ ഉടനീളം 10,000 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ട്‌ യാത്ര നടത്തി. മന്ദ്‌സോറിൽ നിന്നാരംഭിച്ച ആദ്യഘട്ട യാത്ര മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ഹരിയാന വഴി ഡൽഹിയിലെത്തി. ഹൈദരാബാദിൽ നിന്നാരംഭിച്ച രണ്ടാം ജാഥ തെലങ്കാന, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, കേരളം വഴി  ബംഗളൂരുവിൽ സമാപിച്ചു.

കിസാൻ പാർലമെന്റ്‌
2017 നവംബറിൽ രാജ്യമെമ്പാടുനിന്നും ലക്ഷക്കണക്കിനു കർഷകർ ഡൽഹി പാർലമെന്റ്‌ സ്‌ട്രീറ്റിൽ ഒത്തുചേർന്നു. കർഷകരുടെ ആവശ്യങ്ങൾ അടങ്ങുന്ന രണ്ട്‌ ബില്ലുകൾ ഈ സഭ പാസാക്കി.

മഹാരാഷ്ട്ര ലോങ്‌മാർച്ച്‌
ദരിദ്രരിൽ ദരിദ്രരായ കർഷകരുടെ  ആവശ്യങ്ങൾ ഉന്നയിച്ച്‌ അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ 2018 മാർച്ചിൽ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ ഏഴ്‌ ദിവസം നീണ്ട കാൽനട ജാഥ നടത്തി.

പത്ത്‌ കോടി ഒപ്പ്‌ ശേഖരണം
ക്വിറ്റ്‌ ഇന്ത്യ വാർഷികത്തിൽ ‘ഭാരത്‌ ഛോഡോ’  മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കിസാൻസഭ 10 കോടി ഒപ്പ്‌ ശേഖരിച്ച്‌ കലക്ടർമാർക്ക്‌ നൽകി.

കിസാൻ മുക്തി മാർച്ച്‌
അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ 2018 നവംബറിൽ ആയിരക്കണക്കിന്‌ കർഷകർ ഡൽഹിയിൽ മാർച്ച്‌ നടത്തി.

ണ്ടാം കിസാൻലോങ്‌ മാർച്ച്‌
മഹാരാഷ്ട്രയിലെ 23 ജില്ലയിൽനിന്നുള്ള 80,000ഓളം കർഷകർ 2019 ഫെബ്രുവരി 20ന്‌ നാസിക്ക്‌ കേന്ദ്രീകരിച്ച്‌ മുംബൈയിലേ‌ക്ക്‌ മാർച്ച്‌ ചെയ്‌തു.

മന്ദ്‌സോറിൽ കൊല്ലപ്പെട്ടത്‌ ആറ്‌ കർഷകർ
വിളകൾക്ക്‌ ന്യായവില ആവശ്യപ്പെട്ട്‌ മധ്യപ്രദേശിലെ മന്ദ്‌സോറിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനുനേരെ 2017 ജൂൺ ആറിന്‌ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ ആറുപേർ കൊല്ലപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top