ലണ്ടൻ
പൊതുജനങ്ങൾക്ക് കുത്തിവയ്‌ക്കാൻ അംഗീകാരമായ ആദ്യ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ആദ്യം ലഭിച്ചത് വടക്കൻ അയർലൻഡിലെ തൊണ്ണൂറുകാരി മാർഗരറ്റ് കീനന്. എന്നിസ്‌കില്ലെനിൽ നിന്നുള്ള അവർ കവെൻട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ നിന്നാണ് ഫൈസർ–-ബയോൺടെക് വാക്‌സിൻ കുത്തിവയ്‌പെടുത്തത്. 91–--ാം പിറന്നാളിലേക്ക് അടുക്കുന്ന തനിക്ക് നേരത്തേ ലഭിച്ച പിറന്നാൾ സമ്മാനമാണ് ഇതെന്ന് അവർ പറഞ്ഞു. പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ ലഭിച്ച സന്നദ്ധപ്രവർത്തകർക്കുശേഷം വാക്‌സിൻ ലഭിക്കുന്ന ആദ്യത്തെ ആളായി ഇവർ.
വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ടൈൻ ആൻഡ് വിയറിലെ 87 വയസുള്ള ഇന്ത്യൻ വംശജൻ ഡോ. ഹരി ശുക്ലയും ഭാര്യ രഞ്ജനും(83) ആദ്യം വാക്‌സിൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ന്യൂകാസിലിലെ ഒരു ആശുപത്രിയിൽ വച്ചാണ് ഇദ്ദേഹത്തിന് വാക്‌സിൻ ലഭിച്ചത്. 80 വയസ്സ് കഴിഞ്ഞവർ, കെയർഹോമുകളിലെ ജോലിക്കാർ, ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന(എൻഎച്ച്‌എസ്) ജോലിക്കാർ തുടങ്ങി പെട്ടെന്ന് കോവിഡ് വരാനിടയുള്ളവർക്കാണ് എൻഎച്ച്‌എസ് അധികൃതർ നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണന.
കൂട്ട വാക്‌സിനേഷന് സമയമെടുക്കുമെന്നും ജനങ്ങൾ വരുന്ന ശൈത്യമാസങ്ങളിലും ലോക്‌ഡൗൺ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..