09 December Wednesday

കണ്ണൂർ വിമാനത്താവളം : രണ്ടാം വാർഷികത്തിലും വിദേശ കമ്പനികൾക്ക്‌ കേന്ദ്രാനുമതിയില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020


കണ്ണൂർ
ഉത്തര മലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ബുധനാഴ്‌ച രണ്ടുവയസ്സ്‌. 2018 ഡിസംബർ ഒമ്പതിനാണ്‌ ജനലക്ഷങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭുവും ചേർന്ന്‌ വിമാനത്താവളം നാടിനു സമർപ്പിച്ചത്‌. കാഴ്‌ചയിലും സൗകര്യങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നെന്ന യശ്ശസ്‌ നിലനിർത്തുമ്പോഴും വിദേശ വിമാനക്കമ്പനികൾക്ക്‌ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.


 

യാത്രക്കാരുടെ എണ്ണം, സർവീസ്‌ നടത്തുന്ന വിമാനങ്ങൾ,  ബന്ധിപ്പിക്കുന്ന നഗരങ്ങൾ, വരുമാനം എന്നിവയിലെല്ലാം ആദ്യവർഷംതന്നെ മികവുകാട്ടാൻ കണ്ണൂർ വിമാനത്താവളത്തിന്‌ കഴിഞ്ഞു. ഒമ്പതു മാസംകൊണ്ടാണ്‌ പത്തുലക്ഷം യാത്രക്കാരെന്ന റെക്കോഡ്‌ സ്ഥാപിച്ചത്‌. കോവിഡ്‌ കാലത്തെ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞമാസം 20 ലക്ഷം യാത്രക്കാരെന്ന നേട്ടവും കൈവരിക്കാനായി. വിദേശ എയർലൈൻസുകൾ സർവീസ്‌ നടത്താതെ തന്നെയാണ്‌ ഈ നേട്ടം. വിദേശ കമ്പനികൾക്ക്‌ അനുമതി ലഭിച്ചിരുന്നെങ്കിൽ പ്രവർത്തനം കൂടുതൽ മികവുറ്റതാകുമായിരുന്നു.


 

2016 ഫെബ്രുവരി 29ന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കാൻ  ഹെലികോപ്‌റ്ററിലെത്തുന്നു. റൺവേയും ടെർമിനൽ ബിൽഡിങ്ങും സിഗ്‌നൽ സംവിധാനങ്ങളും ഉൾപ്പെടെ പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനായിരുന്നു ഈ ഉദ്‌ഘാടന പ്രഹസനം.

കേന്ദ്ര സർക്കാരിന്റെ നിഷേധ നിലപാടിന്‌ ഒരു ന്യായവുമില്ല. 2008ൽ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളമായാണ്‌ കേന്ദ്ര സർക്കാർ അനുമതി നൽകിയത്‌. നിർമാണപ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും വിദേശ കമ്പനികൾക്ക്‌ അനുമതി നൽകില്ലെന്ന്‌ പറഞ്ഞിട്ടില്ല. ഉദ്‌ഘാടനവേളയിലാണ്‌ ഇക്കാര്യം സംസ്ഥാന സർക്കാരിന്റെയും കിയാലിന്റെയും ശ്രദ്ധയിൽവരുന്നത്‌. അന്നുമുതൽ നിരന്തരം സമ്മർദം ചെലുത്തിയിട്ടും കേന്ദ്രം കനിഞ്ഞില്ല.

മെട്രോപൊളിറ്റൻ നഗരങ്ങളിലേ വിദേശ വിമാനക്കമ്പനികൾക്ക്‌ അനുമതി നൽകാനാവൂ എന്നാണ്‌ കേന്ദ്രവ്യോമയാന വകുപ്പ്‌ ഇപ്പോൾ പറയുന്നത്‌. എന്നാൽ, ഇങ്ങനെയൊരു നയം കേന്ദ്രസർക്കാർ രൂപപ്പെടുത്തിയതായി അറിവില്ലെന്ന്‌ മുൻ എയർ ഇന്ത്യാ ചെയർമാനും മാനേജിങ്‌ ഡയറക്ടറുംകൂടിയായ കിയാൽ എംഡി വി തുളസീദാസ്‌ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കേരളത്തിലെ മറ്റു മൂന്ന്‌ വിമാനത്താവളങ്ങളിൽനിന്ന്‌ വിദേശ കമ്പനികൾ സർവീസ്‌ നടത്തുന്നുമുണ്ട്‌. 

ഉത്തരമലബാറിലെയും കർണാടകത്തിലെ കുടക്‌, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും ലക്ഷക്കണക്കിന്‌ പ്രവാസികളാണ്‌ വിമാനത്താവളത്തിന്റെ പ്രധാന ഗുണഭോക്താക്കൾ.  ഇവർക്കെല്ലാം പ്രയോജനപ്പെടണമെങ്കിൽ കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളും വലിയ വിമാനങ്ങളും കണ്ണൂരിലേക്കു വരണം. ഇതിനായി കൂട്ടായ സമ്മർദങ്ങളും ഇടപെടലുകളും അനിവാര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top