എടക്കാട്
ധർമടം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവൃത്തി നടക്കുന്ന മുഴപ്പിലങ്ങാട് ഇൻഡോർ സ്റ്റേഡിയം, കടമ്പൂരിലെ ലൈഫ് ഭവന സമുച്ചയം, പ്രവൃത്തി പൂർത്തിയായ മുഴപ്പിലങ്ങാട് ഗവ. എൽപി സ്കൂൾ കെട്ടിടം എന്നിവിടങ്ങളിൽ സന്ദർശിച്ചു.
20 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി. 80 ലക്ഷം രൂപയുടെ രണ്ടാം ഘട്ട നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മാപ്പിൾ വുഡ് ഉപയോഗിച്ചുള്ള ഷട്ടിൽ കോർട്, വോളിബോൾ കോർട്, ഗ്യാലറി, ടോയ്‌ലറ്റ്, ഡ്രസിങ് റൂം എന്നിവയടക്കം അത്യാധുനിക സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മുഴപ്പിലങ്ങാട് ഗവ.എൽപി സ്കൂളിൽ ഒരുകോടി രൂപയുടെ വികസനമാണ് നടപ്പാക്കിയത്. ഹൈടെക് ക്ലാസ് റൂമുകൾ, കളിസ്ഥലം, കംപ്യൂട്ടർ എന്നിവയും ഓരോ ക്ലാസുകളിലും പഠനത്തിനായി എൽഇഡി ടിവിയും സ്ഥാപിച്ചു. ഒന്നാം ക്ലാസ് എയർകണ്ടീഷനാക്കി.
ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പനോന്നേരിയിൽ 41 സെന്റ് സ്ഥലത്താണ് പുരോഗമിക്കുന്നത്. പ്രീ - ഫാബ് സാങ്കേതികവിദ്യയിൽ നാലുനിലകളിലായാണ് ഭവനസമുച്ചയം നിർമിക്കുന്നത്. നിർമാണ പുരോഗതി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, വി പ്രഭാകരൻ, കെ വി പത്മനാഭൻ, എം പി ഹാബീസ്, കെ ഗിരീശൻ എന്നിവരും ഒപ്പമുണ്ടായി. മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുത്തു. പെരളശേരി എ കെ ജി സ്മാരക ഗവ. എച്ച്എസ്എസ്, മമ്പറം പാലം എന്നിവ ബുധനാഴ്ച സന്ദർശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..