കരാക്കസ്
വെനസ്വേലൻ പാർലമെന്റായ ദേശീയ കോൺഗ്രസിലും ഇടതുപക്ഷം ഭൂരിപക്ഷത്തിലേക്ക്. 80 ശതമാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് 67.6 ശതമാനം പിന്തുണയുണ്ടെന്ന് തെരഞ്ഞെടുപ്പ് ബോർഡ് അധ്യക്ഷ ഇന്ദിര അൽഫോൺസോ പറഞ്ഞു. പാശ്ചാത്യ പിന്തുണയുള്ള പ്രതിപക്ഷവിഭാഗം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിൽ അമേരിക്കൻ അട്ടിമറിനീക്കത്തെ എതിർക്കുന്ന പ്രതിപക്ഷ വിഭാഗം 18 ശതമാനം വോട്ട് നേടി.
സോഷ്യലിസ്‌റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അട്ടിമറിക്കാൻ ശ്രമിച്ചുവരുന്ന അമേരിക്കൻ ചേരിയുടെ ഉപരോധം മൂലം 50 ലക്ഷത്തോളം പേർ നാടുവിട്ടതിനാൽ പോളിങ്ങ്(31 ശതമാനം) കുറവായിരുന്നു. തെരഞ്ഞെടുപ്പ് സ്വതന്ത്രമാണെന്ന് ഉറപ്പുവരുത്താൻ നിരീഷകരെ അയക്കാൻ സർക്കാർ അഭ്യർഥിച്ചെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സഹകരിച്ചില്ല. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നെന്ന് അമേരിക്കയിൽ നിന്നെത്തിയ സ്വതന്ത്ര നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.
2015ലെ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ വലതുപക്ഷം ദേശീയ അസംബ്ലിയുടെ അധികാരം ഉപയോഗിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു. വെനസ്വേലൻ നിയമമനുസരിച്ച് ദേശീയ അസംബ്ലിക്ക് വിപുലമായ അധികാരമാണുള്ളത്. സർക്കാർ വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കുന്ന ഉടമ്പടികൾക്കും വിദേശ കമ്പനികളുമായി ഉണ്ടാക്കുന്ന പ്രധാന കരാറുകൾക്കും ദേശീയ അസംബ്ലിയുടെ അംഗീകാരം വേണം.
ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. എന്നിട്ടും അതുപയോഗപ്പെടുത്താൻ പാശ്ചാത്യ ഉപരോധവും ദേശീയ അസംബ്ലിയുടെ നിഷേധ നിലപാടുകളും കാരണം സാധിച്ചിരുന്നില്ല. വരുന്ന ജനുവരി അഞ്ചിന് പുതിയ ദേശീയ അസംബ്ലി നിലവിൽ വരുന്നതോടെ ഇതിൽ മാറ്റമുണ്ടായേക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തു. എന്നാൽ പോളിങ് കുറഞ്ഞതിനാൽ സർക്കാരിന് ജനപിന്തുണയില്ല എന്ന് വാദിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷ നീക്കം.
കോർപറേറ്റുകൾ കൊള്ളയടിച്ചിരുന്ന എണ്ണസമ്പത്തിൽ നിന്നുള്ള വരുമാനം മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ ജനക്ഷേമത്തിന് ഉപയോഗിച്ചുതുടങ്ങിയതോടെയാണ് അമേരിക്ക ഉപരോധപരമ്പര ആരംഭിച്ചത്. അമേരിക്കൻ ചേരിയിലുള്ള അമ്പതോളം രാജ്യങ്ങൾ 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ ഹുവാൻ ഗുവായ്‌ദോയെയാണ് പ്രസിഡന്റായി കണക്കാക്കുന്നത്. വെനസ്വേലയിലെ ജനവിധി അംഗീകരിക്കാതെ 2018 മുതൽ അമേരിക്ക പ്രയോഗിക്കുന്ന തന്ത്രം തന്നെയാണ് ബൊളീവിയയിൽ കഴിഞ്ഞവർഷം ഇവോ മൊറാലിസിനെ അട്ടിമറിക്കാൻ പ്രയോഗിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..