ന്യൂഡൽഹി
പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിടാം, എന്നാല്‍ നിർമാണം തുടങ്ങുകയോ ഉള്ള കെട്ടിടം തകര്‍ക്കുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഉപാധികള്‍ പാലിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി.
പുതിയ പാർലമെന്റ് മന്ദിരം പണിയാനുള്ള 20,000 കോടിയുടെ സെൻട്രൽ വിസ്‌താ പദ്ധതിക്ക് എതിരായ ഹർജികളില്‍ അന്തിമവിധി പറയാനിരിക്കെ, നിർമാണവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര നീക്കത്തില്‍ ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘കേന്ദ്രസര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണ്. കോടതി ഉത്തരവുകളെ സർക്കാർ ബഹുമാനിക്കുമെന്നാണ് കരുതിയത്. സ്‌റ്റേ പുറപ്പെടുവിച്ചില്ലെന്നതുകൊണ്ട് നിർമാണവുമായി മുന്നോട്ടുപോകാമെന്ന് അർഥമില്ല. ഞങ്ങൾ മര്യാദ കാണിച്ചു. ആ മര്യാദ നിങ്ങൾ തിരിച്ചുകാണിക്കുമെന്ന് പ്രതീക്ഷിച്ചു; അതുണ്ടായില്ല. ആ പ്രദേശത്ത് ഇപ്പോൾ ഒരു നിർമാണപ്രവർത്തനവും നടത്തരുത്’–സര്‍ക്കാരിനു-വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്തയോട് ജസ്‌റ്റിസ് ഖാൻവിൽക്കർ നിര്‍ദേശിച്ചു.
ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ പ്രതികരിച്ചു. തറക്കല്ലിടുന്നത് ഒഴിച്ചാൽ പ്രദേശത്ത് ഒരു മാറ്റവും വരുത്തില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി വ്യാഴാഴ്‌ചത്തെ ചടങ്ങിന് മേല്‍പറഞ്ഞ ഉപാധികളോടെ അനുമതിനല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..