തിരുവനന്തപുരം > കോവിഡ് പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തന ലാഭം നേടി സംസ്ഥാനത്തെ ആറ് സ്പിന്നിങ് മില്ലുകള്‍. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളുമാണ് നവംബര്‍ മാസം പ്രവര്‍ത്തന ലാഭം കൈവരിച്ചത്. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഇത്തവണ ലാഭത്തിലായി.
ഒക്ടോബറില്‍ തന്നെ പ്രവര്‍ത്തനലാഭം കൈവരിച്ച മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ നവംബറില്‍ 26.72ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം സ്വന്തമാക്കി. 4.65 ലക്ഷം രൂപയാണ് നവംബറിലെ അറ്റാദായം. 10 വര്‍ഷത്തിന് ശേഷമാണ് മില്‍ ലാഭത്തിലാകുന്നത്. ആധുനികവല്‍ക്കരണം പൂര്‍ത്തിയാക്കിയ ആലപ്പുഴ സ്പിന്നിങ് മില്‍ സ്വന്തമാക്കിയത് 19.81 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമാണ്. 1999ല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിയതിന് ശേഷം മില്‍ കൈവരിക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തന ലാഭമാണിത്.
കെ.എസ്.ടി.സി.യുടെ കീഴിലുള്ള മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍ 8.5 ലക്ഷം രൂപയുടെയും ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ് 2.1ലക്ഷം രൂപയുടെയും പ്രവര്‍ത്തനലാഭമാണ് കൈവരിച്ചത്. ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ വിലകുറഞ്ഞ് ലഭിച്ചതും ലോക്ക്ഡൗണിന് ശേഷം സമയബന്ധിതമായി മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായതും നേട്ടത്തിന് വഴിവെച്ചു. അടച്ചു പൂട്ടലിന് ശേഷം തുറന്ന വസ്ത്ര നിര്‍മ്മാണമേഖലയുടെ ആവശ്യത്തിനനുസരിച്ച് മികച്ച നൂല്‍ നല്‍കാനായി. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി നൂല്‍ നല്‍കുന്നത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ചു. 22 ലക്ഷം കിലോ നൂലാണ് പദ്ധതിക്കായി ഉല്‍പ്പാദിപ്പിച്ചത്.
പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ 8.45 ലക്ഷം രൂപയുടെയും മാല്‍ക്കോടെക്സ് 2.07 ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭം നേടിയിട്ടുണ്ട്. മഹാരാഷ്ട്രാ വിപണിയാണ് പ്രിയദര്‍ശിനി മില്ലിന്റെ പ്രധാന ആശ്രയം. 90 ശതമാനം പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ മില്ലിനായി. ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയും നവീകരണത്തിലൂടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചതും വിപണിയില്‍ നല്ല വില ലഭിച്ചതും മാല്‍കോടെക്‌സിന് ഗുണമായി.
ആധുനികവല്‍ക്കരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും പരമ്പരാഗത മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഫലം കാണുന്നത്. നാല് വര്‍ഷം മുമ്പ് അവഗണനമൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ സ്പിന്നിങ് മേഖലയാണ് പുതുജീവന്‍ നേടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..