തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കോവിഡിന്റെ പ്രതിസന്ധിക്കിടയിലും മികച്ച പോളിങ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു ജില്ലയിൽ 72.67 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പു കമീഷന്റെ പ്രാഥമിക കണക്ക്. കോവിഡ് സാഹചര്യത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ ആദ്യഘട്ടത്തിൽ 48,000 ലധികമുണ്ട്. ഇത് കൂടി ചേർത്താൽ പോളിങ് ശതമാനം ഉയരും. തിരുവനന്തപുരം –- 69.76, കൊല്ലം–-- 73.41, പത്തനംതിട്ട–- - 69.70, ആലപ്പുഴ–-- 77.23, ഇടുക്കി–- - 74.56 എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 59.73 ശതമാനവും കൊല്ലത്ത്- 66.06ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ ചിലയിടത്ത് വോട്ടിങ് യന്ത്രം തകരാറിലായെങ്കിലും ഉടൻ പ്രശ്‌നം പരിഹരിച്ചു. കോവിഡ് പോസിറ്റീവായവരും ക്വാറന്റൈനിലായവരും വൈകിട്ട് അഞ്ചിനുശേഷം പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി. ഇവർക്ക് മറ്റ് വോട്ടർമാർ വോട്ടുചെയ്‌തശേഷം അവസരം നൽകി. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി വാർഡിൽ വോട്ടുചെയ്യാൻ പിപിഇ കിറ്റ് ധരിച്ചെത്തിയവരെ കോൺഗ്രസ് പ്രവർത്തകർ കൂക്കിവിളിച്ചു. ഇവരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് കോൺഗ്രസുകാർ പറഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് വോട്ടുചെയ്യാൻ അവസരം നൽകി.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഇത്രയധികം പേർ വോട്ട് രേഖപ്പെടുത്തിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് തെരഞ്ഞെടുപ്പു കമീഷണർ വി ഭാസ്‌കരൻ മാധ്യമങ്ങളോടു പറഞ്ഞു.
വോട്ടുചെയ്യാൻ എത്തിയ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം റാന്നി ഇടമുറി ജിഎച്ച്‌എസ്‌എസിലെത്തിയ പുതുപ്പറമ്പിൽ മത്തായി (90), ആലപ്പുഴ കാർത്തികപ്പള്ളി മഹാദേവികാട് എസ്‌എൻഡിപി എച്ച്‌എസിൽ കളത്തിപ്പറമ്പിൽ ബാലൻ (60) എന്നിവരാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..