ടി കെ ദിവാകരന്റെ കുടുംബവീടും എന്റെ കുടുംബവീടും -- കൊല്ലത്ത് പട്ടത്താനത്ത് അടുത്തടുത്താണ്. രണ്ട് കുടുംബവും തമ്മിൽ വർഷങ്ങൾക്കുമുമ്പുതന്നെ വലിയ ആത്മബന്ധമുണ്ടായിരുന്നു. ടി കെ എനിക്ക് ടി കെ മാമനും അദ്ദേഹത്തിന്റെ ഭാര്യ ടി കെ മാമിയും മക്കൾ ചേച്ചിമാരും അണ്ണൻമാരും അനുജത്തിമാരുമാണ്. അവർക്കെല്ലാവർക്കും എന്റെ അച്ഛൻ ഒ മാധവൻ മാമനും അമ്മ മാമിയുമാണ്.
അദ്ദേഹം മന്ത്രിയായിരുന്നതും ആർഎസ്‌പിയുടെ നേതാവായിരുന്നതുമൊക്കെ എന്റെ വളരെ ചെറുപ്രായത്തിലെ ഓർമകളാണ്. അദ്ദേഹം മരിച്ചിട്ട് 45 കൊല്ലത്തോളമാകുന്നു. ആ 45 കൊല്ലംമുമ്പ് അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ അച്ഛനും അമ്മയുമൊക്കെയായി മന്ത്രി മന്ദിരത്തിൽ പോയിരുന്നതൊക്കെ ഇന്നലത്തെപ്പോലെ ഓർമയുണ്ട്. എങ്കിലും അദ്ദേഹത്തെക്കുറിച്ച് ആദ്യം എന്റെ മനസ്സിലേക്കുവരുന്ന ഒരോർമ പട്ടത്താനം വലിയ ഗ്രൗണ്ടിൽ നടന്ന ടി കെ ദിവാകരൻ അനുസ്മരണചടങ്ങുമായി ബന്ധപ്പെട്ടതാണ്. സമ്മേളനം കഴിഞ്ഞ് പിരിഞ്ഞുപോയ ജനം ഒന്നടങ്കം കണ്ണീരോടുകൂടി പോകുന്നു എന്നു പറഞ്ഞാൽ അതൊരു വലിയ കാഴ്ചയായിരുന്നു. ആ സംഭവം കണ്ടപ്പോൾ മാത്രമാണ് എത്രമാത്രം വലിയൊരു നേതാവായിരുന്നു ടി കെ ദിവാകരൻ എന്ന് ആ ചെറുപ്രായത്തിൽ എനിക്ക് മനസ്സിലായത്.
അച്ഛനും അദ്ദേഹവുമായി ആദ്യം കണ്ടുമുട്ടിയ കാര്യം അച്ഛൻ എഴുതിയും പറഞ്ഞും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എ ഡി കോട്ടൺ മില്ലിലെ ഒരു സമരവുമായി ബന്ധപ്പെട്ട് ടി കെയും ചില നേതാക്കൻമാരും അന്ന് ജയിലിലുണ്ടായിരുന്നു. അപ്പോഴാണ് എസ്എൻ കോളേജിൽ പഠിപ്പുമുടക്കിയതിന്റെ പേരിൽ അച്ഛനുൾപ്പെടെയുള്ള സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പൊലീസ് അവരെ ലോക്കപ്പിലേക്ക് വലിച്ചെറിഞ്ഞത്. അവർ ചെന്നുവീണത് ടി കെയുടെയും കൂട്ടരുടെയും ഇടയിലേക്കായിരുന്നു. കുറച്ചുനേരത്തേക്ക് അവർക്ക് തല പൊക്കാൻ കഴിഞ്ഞില്ല. കണ്ണു തുറന്നപ്പോൾ കണ്ടത് അച്ഛന്റെ ശരീരത്തിൽനിന്ന് ചോരയും പൊടിയുമെല്ലാം തുടച്ചുമാറ്റുന്ന തൊഴിലാളി സഖാവിനെയായിരുന്നു. അത് സഖാവ് ടി കെ ദിവാകരൻ ആയിരുന്നു.
പിറ്റേദിവസം രാവിലെ പൊലീസുകാർ ഭക്ഷണവുമായി ചെന്നപ്പോൾ അച്ഛൻ പറഞ്ഞു, ഞങ്ങൾ നിരാഹാരത്തിലാണ്. അതുകേട്ടതും, "നീയൊക്കെ നിരാഹാരം കിടക്കുമോടാ' എന്നു ചോദിച്ച് അച്ഛനെ അടിക്കാനായി പിടിച്ച പൊലീസുകാരനു നേർക്ക് ഒരട്ടഹാസത്തോടെയാണ് ടി കെയുടെ ശബ്ദം ഉയർന്നത്. നിരാഹാരം എന്ന വാക്കിന്റെ അർഥം അറിയില്ലേടാ. എന്നു ചോദിച്ചുകൊണ്ട് പൊലീസിനുനേർക്ക് പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. അച്ഛൻ പകച്ചു നോക്കിയപ്പോൾ, തലേന്നു കണ്ട ടി കെ ആയിരുന്നില്ല. അത്ര ആജ്ഞാശക്തിയായിരുന്നു ടി കെയുടെ ശബ്ദത്തിന്. ടി കെയും ആർ ശങ്കറും പട്ടത്താനത്ത് അടുത്തടുത്താണ് താമസിച്ചിരുന്നത്. നടുക്കാണ് കാളിദാസകലാകേന്ദ്രം എന്ന നാടകട്രൂപ്പിന്റെ ഓഫീസ്. ഇടത്ത് പരവൂർ ദേവരാജൻ എന്ന സംഗീത സംവിധായകനും വലത്ത് സാഹിത്യകാരൻ വൈക്കം ചന്ദ്രശേഖരൻനായരും താമസിച്ചിരുന്നു.
ടി കെ ദിവാകരൻ വലിയൊരു നാടകപ്രേമിയായിരുന്നു. നാടകം അഭിനയിച്ചിട്ടുണ്ട്. ടി കെ ദിവാകരൻ, പട്ടത്തുവിള കരുണാകരൻ, ഉള്ളുരുപ്പിൽ കരുണാകരൻ തുടങ്ങിയവർ ചേർന്ന് ഹരിശ്ചന്ദ്രൻ എന്ന നാടകം അവതരിപ്പിച്ചപ്പോൾ അതിൽ ചന്ദ്രമതി എന്ന സ്ത്രീവേഷം ചെയ്തത് ടി കെ ആയിരുന്നു. ഒരു നാടകത്തിൽ പട്ടത്തുവിളയുടെ ചേച്ചിയായിട്ടാണ് അഭിനയിച്ചത്. അവരുടെ ആത്മബന്ധ സമർപ്പണത്തോടെയുള്ള അഭിനയംകൊണ്ടോ എന്തോ പട്ടത്തുവിള കരുണാകരൻ അന്ത്യകാലംവരെയും കത്തുകളിൽ ടി കെയെ അഭിസംബോധന ചെയ്തിരുന്നത് "ചേച്ചി' എന്നായിരുന്നു. ഒരുപക്ഷേ, ടി കെയിൽനിന്ന് കിട്ടിയ ഗുണമായിരിക്കണം അദ്ദേഹത്തിന്റെ മകൻ സുരേഷ് ബാബുവും (മോഹൻ) നല്ലൊരു നടനായിരുന്നു.
എന്റെ അച്ഛൻ അമ്മയെ കല്യാണം ആലോചിച്ചപ്പോൾ, അമ്മയുടെ അമ്മ ഭാർഗവി അന്ന് ആർഎസ്‌പിക്കാരിയായിരുന്നു. ഭാർഗവിയമ്മയുടെയടുത്താണ് കമ്യൂണിസ്റ്റ് നേതാക്കളായ കാമ്പിശ്ശേരി കരുണാകരനും മറ്റും ചെന്ന് കല്യാണം ആലോചിക്കുന്നത്. പിന്നീടാണ് അച്ഛനൊക്കെ മനസ്സിലായത് ടി കെ ദിവാകരനും - അമ്മൂമ്മയുമായി ഇത്രയും അടുത്ത ബന്ധമുണ്ടായിരുന്നു എന്ന്.
പിന്നെ തിരുവനന്തപുരത്തേക്ക് സിനിമാക്കാർ ആരെങ്കിലുമൊത്ത് കാറിൽ പോകുമ്പോൾ ഏകദേശം കൊട്ടിയം കഴിയുമ്പോഴേക്ക് ഞാൻ പറയും വളരെ കൗതുകകരമായ ഒരു കാര്യം ഞാൻ കാണിച്ചുതരാം. ഇനി രണ്ട് മൂന്ന് മിനിറ്റ് എല്ലാവരും മിണ്ടാതിരിക്കണം. എന്നിട്ട് ഇത്തിക്കരപാലം വരുമ്പോൾ കാറ് വേഗം കുറയ്‌ക്കും. അവിടെ പാലം തുറന്നുകൊടുത്തത് ടി കെ ദിവാകരൻ എന്ന ശിലാഫലകം കാണിച്ചുകൊടുക്കും. ഇത് ഒരുപക്ഷേ ലോകത്തെ ആദ്യത്തെ സംഭവമായിരിക്കും. അദ്ദേഹമല്ല. ഇത് ഓപ്പൺ ചെയ്തത്. അദ്ദേഹത്തിന്റെ മൃതദേഹമാണ്. അദ്ദേഹം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു പാലമാണിത്. ഇതിന്റെ ഉദ്ഘാടനമൊക്കെ ശരിയായപ്പോഴേക്ക് അദ്ദേഹം മരിച്ചു. അപ്പോൾ ഏകകണ്ഠമായി എല്ലാവരും കൂടി തീരുമാനിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കേറ്റി ഈ പാലം ഉദ്ഘാടനം ചെയ്യണം. ആരും എതിർത്തില്ല. അത്രയും വലിയ സ്നേഹവും ബഹുമാനവും ആദരവുമൊക്കെയായിരുന്നു ടി കെ ദിവാകരനോട് ജനങ്ങൾക്കുണ്ടായിരുന്നത്.
എന്റെ അച്ഛനും അദ്ദേഹവും രണ്ട് രാഷ്ട്രീയ പാർടിയുടെ ഭാഗമായിരുന്നു. മത്സരിക്കുമ്പോൾ അദ്ദേഹത്തിനനുകൂലമായും പ്രതികൂലമായും അച്ഛന് പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വർഷങ്ങൾക്കുശേഷം ബാബു അണ്ണൻ (ബാബു ദിവാകരൻ) ഇടതുപക്ഷ സ്ഥാനാർഥിയായി ആർഎസ്‌പിക്കുവേണ്ടി മത്സരിച്ചപ്പോൾ സജീവപ്രവർത്തകനായി അച്ഛൻ രംഗത്തുണ്ടായിരുന്നു. ടി കെ ദിവാകരൻ എംഎൽഎ ആയിരുന്ന കൊല്ലം നിയോജകമണ്ഡലത്തിൽ മൂന്നുതവണ എംഎൽഎ ആകാൻ ടി കെയുടെ മകനായ ബാബു ദിവാകരന് കഴിഞ്ഞത് ടി കെയോട് കൊല്ലത്തെ ജനങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹത്തിന്റെ തെളിവാണ്. സഖാവ് ടി കെ എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാർഥികൾക്ക് എന്നും ഒരു സർവകലാശാലയാണ്. അന്തരിച്ച് 44 വർഷം കഴിഞ്ഞിട്ടും ഈ ജന്മശതാബ്ദി ദിനത്തിലും ജനഹൃദയങ്ങളിൽ - ടി കെ ദിവാകരൻ ജീവിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..