ന്യൂഡൽഹി
കോർപറേറ്റ് അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌തിട്ടുള്ള ‘ഭാരത് ഹർത്താൽ’ വിജയമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഒരുക്കങ്ങൾ തകൃതി. കർഷകർക്ക് വിവിധ സംസ്ഥാനങ്ങളിൽ തിങ്കളാഴ്‌ചയും പിന്തുണയുമായി ജനങ്ങൾ തെരുവിലിറങ്ങി.
● ഉത്തർപ്രദേശ്
സമാജ്‌വാദി പാർടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. കനൗജ് ജില്ലയിൽ ‘കിസാൻ യാത്ര’യ്‌ക്ക് നേതൃത്വം നൽകാൻ പുറപ്പെട്ട മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കോവിഡിന്റെ പേരുപറഞ്ഞ് പൊലീസ് കിസാൻ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നു. ലഖ്‌നൗവിൽ അഖിലേഷിന്റെ വസതിയിലേക്കുള്ള റോഡ് പൊലീസ് അടച്ചു. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുനീങ്ങാൻ അഖിലേഷും പ്രവർത്തകരും ശ്രമിച്ചപ്പോഴാണ് കസ്‌റ്റഡിയിലെടുത്തത്. യുപിയിലെ കർഷകർക്ക് നെല്ലിന് ക്വിന്റലിന് ആയിരം രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
● മഹാരാഷ്ട്ര
മുംബൈയിൽ ഓട്ടോ–- ടാക്‌സി യൂണിയനുകൾ ഹർത്താലിന് പിന്തുണ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികളും ഹർത്താലിനോട് സഹകരിക്കുമെന്ന നിലപാടിലാണ്. ഭരണപക്ഷ സഖ്യ പാർടികൾ ഹർത്താലിനെ പിന്തുണയ്‌ക്കും. കർഷകരെ വഞ്ചിക്കുന്ന നിലപാടിൽനിന്ന് മോഡി സർക്കാർ പിന്തിരിയണമെന്ന് ശിവസേനാ നേതാവ് സഞ്‌ജയ് റൗത്ത് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ എൻസിപി നേതാവ് ശരത് യാദവും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ചയും കർഷകർക്ക് പിന്തുണയുമായി പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
● ആന്ധ്ര
തെലങ്കാനയ്‌ക്കൊപ്പം ആന്ധ്രയും ഭാരത് ഹർത്താൽ വിജയമാക്കാനുള്ള ഒരുക്കങ്ങളിലാണ്. ഭരണകക്ഷിയായ വൈഎസ്‌ആർസിപിയും മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശവും നിലപാട് അറിയിക്കാത്തത് കർഷകരോടുള്ള വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പി മധു പറഞ്ഞു. കർഷക സമരത്തിന് പിന്തുണ അറിയിച്ച് നവംബർ 26 മുതൽ സംസ്ഥാനത്തെങ്ങും പ്രകടനങ്ങൾ നടത്തിയിരുന്നു.
● ഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും എഎപി എംഎൽഎമാരും സിൻഘുവിലെത്തി കർഷകസമരത്തിന് പിന്തുണ പ്രകടിപ്പിച്ചു.
പിന്തുണയുമായി വിദ്യാർഥികൾ
ഭാരത് ഹർത്താലിന് വിദ്യാർഥിസംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നവഉദാരവൽക്കരണ നയങ്ങളെ
ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ കർഷകരോടൊപ്പം രാജ്യത്തെ വിദ്യാർഥിസമൂഹവും അണിചേരും. വിദ്യാർഥികൾ ക്യാംപസുകളിലും അതത് പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ഭാരത്‌ബന്ദിന് ഐക്യദാർഢ്യം അറിയിക്കുമെന്നും വിദ്യാർഥി സംഘടനകൾ അറിയിച്ചു.
12 ദിവസമായി ലക്ഷക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ അതിശൈത്യം പോലും വകവയ്‌ക്കാതെ കർഷകദ്രോഹനിയമങ്ങൾക്ക് എതിരെ പോരാടുകയാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ ആ രീതിയിൽതന്നെ അഭിസംബോധന ചെയ്യുന്നതിന് പകരം നിഷ്‌ഠുരമായി അടിച്ചമർത്താനാണ് സർക്കാർശ്രമം. കോർപറേറ്റ് മാധ്യമങ്ങൾ കർഷകപ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. ബിജെപി നേതാക്കൾ സമരംചെയ്യുന്ന കർഷകരെ ദേശദ്രോഹികളെന്നും ഖാലിസ്ഥാനികളെന്നും ഭീകരവാദികളെന്നും വിളിച്ച് അവഹേളിക്കുന്നു. എൻഡിഎ സർക്കാർ അധികാരത്തിലേറിയ സമയംമുതൽ വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ സ്വകാര്യവൽക്കരണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. കർഷകരുടെയും അവരുടെ മക്കളുടെയും ഭാവി പോലും ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്–-വിദ്യാർഥിസംഘടനകൾ വ്യക്തമാക്കി.
എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, എഐഎസ്‌ബി, എപിഎസ്‌എഫ്, പിഎസ്‌യു, ഐസ, എൻഎസ്‌യുഐ, ജെഎൻയുഎസ്‌യു, എച്ച്‌സിയുഎസ്‌യു, എഎംയുഎസ്‌യു തുടങ്ങിയ സംഘടനകളാണ് പ്രസ്‌താവനയിറക്കിയത്.
അവാർഡ് മടക്കി നൽകാനെത്തിയവരെ തടഞ്ഞു
കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അവാർഡ് മടക്കി നൽകാനെത്തിയ കായികതാരങ്ങളെ പൊലീസ് തടഞ്ഞു. പത്മശ്രീ ജേതാവ് കൂടിയായ ഗുസ്‌തിതാരം കർതാർ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രകടനമായി അവാർഡ് തിരിച്ചു നൽകി പ്രതിഷേധിക്കാൻ രാഷ്ട്രപതിഭവനിലേക്ക് വന്നത്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നിൽ നിന്നാരംഭിച്ച പ്രകടനം കൃഷി ഭവന് സമീപം തടഞ്ഞശേഷം കായികതാരങ്ങളെ തിരിച്ചയച്ചു. ഈ കരിനിയമം റദ്ദാക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർഥിക്കുകയാണെന്ന് രണ്ടു തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കർതാർ സിങ് പറഞ്ഞു. കൊറോണയെ ഭയന്ന് രാജ്യം മുഴുവൻ വിറയ്ക്കുമ്പോൾ അവർ ഇരുസഭകളിലും ബിൽ പാസാക്കി. കർഷകർ തങ്ങളെ പിന്തുണച്ചിട്ടുണ്ട്. തങ്ങളുടെ കർഷക സഹോദരങ്ങൾക്കുനേരെ ലാത്തിചാർജ് നടത്തുന്നത് കാണുന്നത് ദുഃഖകരമാണ്. ഈ തണുപ്പിൽ കർഷകർ തെരുവിൽ ഇരിക്കുന്നത് അവരുടെ അവകാശങ്ങൾക്കു വേണ്ടിയാണെന്നും കർതാർ പറഞ്ഞു.
ഒളിമ്പിക് സ്വർണം നേടിയ മുൻ ഹോക്കിതാരം ഗുർമെയിൽ സിങ്, മുൻ വനിതാ ഹോക്കി ക്യാപ്റ്റൻ രാജ്ബീർ കൗർ തുടങ്ങിയവരും പങ്കെടുത്തു. കായിക താരങ്ങളുടെ മാർച്ചിന് നിരവധി അർജുന അവാർഡ് ജേതാക്കളുടെയും ദേശീയ കായിക താരങ്ങളുടെയും പിന്തുണയുണ്ട്.
ഹർത്താലിനെ പിന്തുണച്ച് 25 പാർടി
ഭാരത് ഹർത്താലിന് പിന്തുണ നൽകുന്ന രാഷ്ട്രീയപാർടികൾ: സിപിഐ എം, സിപിഐ, കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എൻസിപി, ജെഎംഎം, എസ്‌പി, ശിവസേന, എസ്‌എഡി, സിപിഐ എംഎൽ–-ലിബറേഷൻ, ഗുപ്‌കാർ സഖ്യം (ജമ്മു കശ്‌മീർ), ടിഎംസി, ടിആർഎസ്, എഎപി, എഐഎംഐഎം, പിഡബ്ല്യുപി, ബിവിഎ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക്, എസ്‌യുസിഐ (സി), സ്വരാജ് ഇന്ത്യ, ജെഡിഎസ്, ബിഎസ്‌പി, ഐഐയുഡിഎഫ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..