കളമശേരി > കളമശേരിയിൽ കെപിസിസി നിർവാഹക സമിതി അംഗത്തിൻ്റെ കുടുംബം പ്രളയ ഫണ്ട് തട്ടിയെടുത്തതായി പരാതി. എൽഡിഎഫ് കളമശേരി മുനിസിപ്പൽ മണ്ഡലം കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് രേഖകൾ സഹിതം വെട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
കെപിസിസി നിർവാഹക സമിതിയംഗം ജമാൽ മണക്കാടൻ്റെ ഭാര്യയും നഗരസഭ ചെയർ പേഴ്സണുമായ റുക്കിയ ജമാലിൻ്റെ പിതാവ് വിടാക്കുഴ മണക്കാട്ട് വീട്ടിൽ അബൂബക്കർ അഹമ്മദ്, സഹോദരൻ മണക്കാട്ട് വീട്ടിൽ എം എ അബ്ദുൾ അസീസ് എന്നിവർക്കാണ് പ്രളയ ദുരിതാശ്വാസമായി രണ്ടര ലക്ഷം രൂപ വീതം അനുവദിച്ചത്. ഇവരുടെ സമീപത്തുള്ള ചേറാട്ടു കോളനി, എ കെ ജി കോളനി എന്നിവിടങ്ങളിൽ പ്രളയത്തിൽ പൂർണ്ണമായി തകർന്ന വീടുകൾക്ക് പരമാവധി 60,000 രൂപ മാത്രം നൽകിയപ്പോഴാണ് ഒരു നാശവും സംഭവിക്കാത്ത ബന്ധുക്കളുടെ വീടുകൾക്ക് രണ്ടര ലക്ഷം വീതം അനുവദിച്ചത്.
2018-ൽ നഗരസഭയിലെ പത്ത് വാർഡുകളിലാണ് പ്രളയ ദുരിതം വലിയ തോതിൽ അനുഭവപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത് ജനങ്ങൾ മുന്നിട്ടിറങ്ങിയാണ്. അന്ന് നഗരസഭ കാഴ്ചക്കാരായിരിക്കുകയായിരുന്നു. പിന്നീട്, നഷ്ടപരിഹാരക്കണക്കെടുക്കുന്നതിന് സർക്കാർ നഗരസഭയെ ചുമതലപ്പെടുത്തി. ഈ അവസരമുപയോഗിച്ചാണ് നഗരസഭാ ഭരണക്കാരുടെ ബന്ധുക്കൾക്ക് അവിഹിതമായി നഷ്ടപരിഹാരത്തുക നിശ്ചയിച്ചു നൽകിയത്.
ഇത് ഔദ്യോഗിക പദവി ദുരുപയോഗിച്ച് നടത്തിയ അഴിമതിയാണെന്നും അടിയന്തിരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കളമശേരി ബി ടി ആർ മന്ദിരത്തിൽ നടന്ന പത്ര സമ്മേളനത്തിൽ എൽ ഡി എഫ് നേതാക്കളായ എ എം യൂസഫ്, കെ ബി വർഗീസ്, അഡ്വ.മുജീബ് റഹ്മാൻ, കരീം നടയ്ക്കൽ, കെ പി കരീം, എസ് രമേശൻ, പി എം എ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..