07 December Monday

ഹര്‍ത്താലിന് ഒരുങ്ങി രാജ്യം ; സംസ്ഥാനങ്ങളിൽ ഒരുക്കങ്ങള്‍ സജീവം

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020


ന്യൂഡൽഹി
രാജ്യത്തെ കർഷകസംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌ത ‘ഭാരത്‌ ഹർത്താൽ’ വിജയമാക്കാൻ സംസ്ഥാനങ്ങളിൽ ഒരുക്കങ്ങള്‍ സജീവം. വിവിധ രാഷ്ട്രീയപാർടികളും ബഹുജന സംഘടനകളും ട്രേഡ്‌യൂണിയനുകളും പിന്തുണയുമായി രംഗത്തെത്തി.

എല്ലാ സംസ്ഥാനങ്ങളിലും ഹർത്താൽ വന്‍ വിജയമാക്കി കേന്ദ്രത്തിന്‌ ശക്തമായ താക്കീത്‌ നൽകാനാണ്‌ കർഷക സംഘടനകളുടെ തീരുമാനം.

രാജസ്ഥാൻ
ഭാരത്ഹർത്താൽ സംസ്ഥാനത്ത് പൂർണമായിരിക്കുമെന്ന്‌ കിസാൻസഭ വൈസ്‌പ്രസിഡന്റ്‌ അമ്രാ റാം പറഞ്ഞു. ഡൽഹിയിലെ സമരത്തിൽ രാജസ്ഥാനിൽനിന്നുള്ള കർഷകർ കൂടുതലായി അണിചേരുന്നു‌. എല്ലാ ജില്ലകളിൽനിന്നുമുള്ള കർഷകർ തിങ്കളാഴ്‌ച ഡൽഹിയിലേക്ക്‌ തിരിക്കും.

കർഷകരെ തടയാൻ ഹരിയാന സർക്കാർ ശ്രമിക്കുന്നുണ്ട്‌. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച്‌ കർഷകർ മുന്നേറും. ചൊവ്വാഴ്‌ച ഡൽഹി–- ജയ്‌പ്പുർ ഹൈവേ കർഷകർ ഉപരോധിക്കും–- അമ്രാ റാം പറഞ്ഞു. ജയ്‌പ്പുർ അടക്കം വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച പ്രധാനമന്ത്രിയുടെയും കോർപറേറ്റ്‌ ഭീമന്മാരുടെയും കോലം കത്തിച്ചു. ഒരാഴ്‌ചയായി കർഷകർക്ക്‌ പിന്തുണയുമായി പ്രകടനങ്ങളും ധർണകളും സംസ്ഥാനത്ത് സജീവം. ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ ട്രാക്‌ടർ റാലികൾ സംഘടിപ്പിച്ചു.

തെലങ്കാന
ഐതിഹാസിക കർഷക സമരങ്ങൾക്ക്‌ വേദിയായിട്ടുള്ള തെലങ്കാനയിലെ മണ്ണിലും കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ആളിപ്പടരുന്നു. വര്‍​ഗബഹുജന സംഘടനകള്‍ക്ക് പുറമെ ഭരണകക്ഷിയായ ടിആർഎസും കർഷക സമരത്തിന്‌ പിന്തുണ അറിയിച്ച്‌ രംഗത്തുവന്നു. കേന്ദ്രം പാസാക്കിയ നിയമങ്ങളെ തള്ളിപ്പറയാനും നിയമസഭയിൽ പ്രമേയം കൊണ്ടുവരാനും സർക്കാർ തയ്യാറാകണമെന്ന്‌ കർഷകസംഘടനകൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ചത്തെ ഹർത്താൽ തെലങ്കാനയിൽ പൂർണമായിരിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു. 

ത്രിപുര
ഇടതുപക്ഷ പാർടികളുടെയും വർഗ–-ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ ത്രിപുരയിലെമ്പാടും കർഷകർക്ക്‌ പിന്തുണയുമായി പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. അഗർത്തലയിൽ പ്രകടനത്തിൽ ആയിരങ്ങൾ പങ്കാളികളായി.

ശനിയാഴ്‌ച സംസ്ഥാനത്തെങ്ങും പ്രധാനമന്ത്രിയുടെയും കോർപറേറ്റ്‌ ഭീമന്മാരുടെയും കോലം കത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top