കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രത്തിൽ ഏറെ നിർണായകമായ ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് കേരളം സാക്ഷിയാകുകയാണ്. ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശാഭിമാനിയോട് സംസാരിക്കുന്നു.
●ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രസക്തി എന്താണ്?
തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പിന് രാഷ്ട്രീയപ്രസക്തി ഏറെയാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ചർച്ചയാകുന്ന തെരഞ്ഞെടുപ്പാണ്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന വിവാദങ്ങളൊന്നും ചർച്ചാവിഷയമല്ല.
●തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ വിഷയങ്ങൾക്കൊപ്പം സംസ്ഥാന, ദേശീയ സ്ഥിതിഗതികൾ എത്രത്തോളം ചർച്ചയാകുന്നു. ഡൽഹിയിൽ നടക്കുന്ന കർഷകസമരമടക്കം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലേ?
പ്രാദേശികമായ വിഷയങ്ങൾ ഉറപ്പായും ചർച്ചയാണ്. അതിനൊപ്പം ജനങ്ങളുടെ ജീവിതദുരിതം വർധിപ്പിച്ചുകൊണ്ട് ഡീസൽ–-പെട്രോൾ വിലയും പാചകവാതക വിലയും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. കോർപറേറ്റുകൾക്കു വഴങ്ങി കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷകർ നടത്തിവരുന്ന പ്രക്ഷോഭവും അതിൽ ഉൾപ്പെടുമെന്നതിൽ തർക്കം വേണ്ട.
●എൽഡിഎഫിന്റെ വിജയപ്രതീക്ഷ എത്രത്തോളമാണ്?
രണ്ടായിരത്തി പത്തിലെയും 2015ലെയും തെരഞ്ഞെടുപ്പുകളുടെ വോട്ടിങ് നിലവാരം നമ്മുടെ മുമ്പിലുണ്ട്. 2015ൽ നേടിയതിനേക്കാൾ വിജയം ഇക്കുറി എൽഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിനെ ഒരുമയോടെ നേരിടാൻ കഴിവുള്ള ഏക മുന്നണി എൽഡിഎഫ് ആണ്. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും എൽഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമസഭകൾ നടത്തിയ എണ്ണമറ്റ വികസനപ്രവർത്തനങ്ങളുമാണ് മുന്നണിയുടെ കരുത്ത്.
●വികസനപ്രവർത്തനങ്ങളും ജനക്ഷേമപ്രവർത്തനവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് ഭയക്കുന്നതുകൊണ്ടാണോ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
അതാണ് സത്യം. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യത്തിൽനിന്ന് യുഡിഎഫിന് പിൻവാങ്ങേണ്ടിവന്നു. രണ്ട് ലീഗ് എംഎൽഎമാർ അറസ്റ്റിലായി. പ്രതിപക്ഷനേതാവിനും മുൻമന്ത്രിമാർക്കുമെതിരെ ആരോപണമുയരുന്നു. ഇതെല്ലാം മറച്ചുവച്ച് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസും ബിജെപിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാലും വേണ്ടില്ല, എൽഡിഎഫ് തോൽക്കണമെന്ന നയമാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്തി ബിജെപി വിജയത്തിന് കോൺഗ്രസ് വഴിയൊരുക്കുന്നു. വർഗീയതയ്ക്കെതിരാണെന്ന് പുറമേയ്‌ക്ക് പറയുകയും വർഗീയശക്തികളുമായി സന്ധിചെയ്യുകയുമാണ് കോൺഗ്രസ് ചെയ്യുന്നത്.
●ഇരുമുന്നണിയുടെയും പ്രകടനപത്രിക താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്ന രാഷ്ട്രീയമെന്താണ്?
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനപത്രികകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. യുഡിഎഫ് അധികാരത്തിനായി വാഗ്ദാനങ്ങൾ നൽകുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുനടപ്പാക്കിയാണ് ഇടതുമുന്നണി പുതിയ വാഗ്ദാനങ്ങൾ നൽകുന്നത്. അത് ജനപക്ഷത്തുനിന്നുള്ളതുമാണ്.
●അധികാരത്തിനുവേണ്ടി യുഡിഎഫ് വർഗീയശക്തികളുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും?
അധികാരത്തിനുവേണ്ടി എന്ത് നെറികെട്ട ധാരണയുമുണ്ടാക്കാൻ കോൺഗ്രസ് മുന്നോട്ടുവന്നിരിക്കുകയാണ്. വെൽഫെയർ പാർടിയുമായും ബിജെപിയുമായും രഹസ്യമായും പരസ്യമായും ഉണ്ടാക്കിയിരിക്കുന്ന കൂട്ടുകെട്ട് അവർക്ക് ഒരു ഗുണവും ചെയ്യാൻ പോകുന്നില്ല. ഈ കൂട്ടുകെട്ടിനെതിരെ വലിയ ജനവികാരമാണ് ഉയർന്നുവരുന്നത്.
●ഭരണത്തിന്റെ അഞ്ചാം വർഷത്തിലും സർക്കാർവിരുദ്ധ വികാരമെന്നത് ഈ തെരഞ്ഞെടുപ്പിൽ പ്രകടമല്ല. സർക്കാരിന്റെ വിലയിരുത്തലാകുമോ തദ്ദേശ തെരഞ്ഞെടുപ്പ്?
ഒരു തെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്നതിൽ സംശയമില്ല. ഈ തെരഞ്ഞെടുപ്പും അത്തരത്തിൽ തന്നെയാകും. സ്വാഭാവികമായും ഈ ഘട്ടത്തിൽ പ്രശ്നങ്ങളുണ്ടാകേണ്ടത് ഭരണമുന്നണിയിലാണ്. എന്നാൽ, ഇവിടെ പ്രതിപക്ഷത്താണ് പ്രശ്നങ്ങൾ? സവിശേഷമായ ഈ സാഹചര്യം സൂചിപ്പിക്കുന്നതെന്താണ്? യുഡിഎഫ് അനുദിനം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. യുഡിഎഫ് ദുർബലപ്പെടുമ്പോൾ എൽഡിഎഫാണ് ശക്തിപ്പെടുന്നത്. യുഡിഎഫിലും ബിജെപിയിലും വിമതരുടെ പടയാണ്.
●യുഡിഎഫിന്റെ തകർച്ച എത്രത്തോളം വലുതാകും?
യുഡിഎഫ് തകരുന്ന ഒരു മുന്നണിയായിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ ദുരാരോപണങ്ങളുന്നയിച്ച് യുഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ കാണുന്നു. യുഡിഎഫിന്റെ തകർച്ച വളരെ വലുതായിരിക്കും.
●ചില വിവാദങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. അത്തരം വിഷയങ്ങൾ എൽഡിഎഫിന്റെ വിജയത്തെ ബാധിക്കുമോ?
മാധ്യമങ്ങളും ചില പ്രതിപക്ഷ കക്ഷികളും ബിജെപിയും ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ ആരോപണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമല്ല. എൽഡിഎഫ് സർക്കാർ ജനങ്ങൾക്കായി ചെയ്ത കാര്യങ്ങളും വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങളുമാണ് ചർച്ചാവിഷയം. അതു മറച്ചുപിടിക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ബിജെപിയും കോൺഗ്രസും ഒരുപാട് സ്വപ്നങ്ങൾ കാണുന്നു. അതെല്ലാം ഡിസംബർ 16 കഴിയുമ്പോൾ ദുഃസ്വപ്നങ്ങളാകും.
തയ്യാറാക്കിയത്: വിജേഷ് ചൂടൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..