ആലപ്പുഴ> ഹരിപ്പാട് നഗരസഭയിൽ കോൺഗ്രസ്-- -- ബിജെപി വോട്ട് കച്ചവടത്തിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ ജില്ലയിൽ കോൺഗ്രസിനോട് ഇടഞ്ഞ് മുസ്ലിം ലീഗ്. കോൺഗ്രസിലും അമർഷം പുകയുകയാണ്. ഹരിപ്പാട്ടെ കോൺഗ്രസ് സ്ഥാനാർഥികളും എതിർപ്പ് അറിയിച്ച് പരാതി നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയുമായ വൃന്ദാ എസ് കുമാറും ആർഎസ്എസ് നേതാവായ ആത്മ യോഗാനന്ദ തീർത്ഥപാദരുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. ഹരിപ്പാട് നഗരസഭയിൽ എവിടെയെങ്കിലും രണ്ട് ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ സഹായം തേടിയാണ് സ്വാമി വൃന്ദയെ വിളിക്കുന്നത്. കാലുവാരാൻ പറ്റിയ വാർഡുകളായി വൃന്ദ പറയുന്നത്
23, 24, 25 വാർഡുകളിലാണ്. ഈ വാർഡുകളിലെ സ്ഥാനാർഥികളാണ് വോട്ടുകച്ചവടത്തിനെതിരെ ഡിസിസിക്ക് പരാതി നൽകിയത്. കോൺഗ്രസിലെ ചിലരുടെ നീക്കം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമെന്നാണ് ലീഗ് നിലപാട്. തങ്ങളുടെ അതൃപ്തി കോൺഗ്രസ് നേതാക്കളെ അവർ അറിയിച്ചിട്ടുണ്ട്.
ചില വാർഡുകളിൽ കോൺഗ്രസിനെ നിർജീവമാക്കാൻ വൃന്ദ നേരിട്ടിറങ്ങയതായി സ്ഥാനാർഥികൾ കെപിസിസിക്ക് പരാതി നൽകിയിരുന്നു. വോട്ടുകച്ചവടത്തിൻ്റെ കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അറിയാമെന്ന തരത്തിലാണ് സ്വാമിയും വൃന്ദയും ഫോണിലൂടെ സംസാരിക്കുന്നത്. മുൻ തെരഞ്ഞെടുപ്പകളിൽ നടത്തിയ പരസ്പര സഹായത്തെക്കുറിച്ചും പറയുന്നു. എംഎൽഎ ഇടപെട്ട് മണ്ണാറശാലയിൽ ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വാമിയെ സ്വാധീനിച്ചതിനെക്കുറിച്ചും ശബ്ദരേഖയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..