സ്വന്തം ലേഖകൻ
രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്തുണയ്‌ക്കാതിരുന്നതിലാണ് കെ എം മാണിയെ വിജിലൻസ് അന്വേഷണത്തിൽ കുടുക്കിയതെന്ന് പാലാ രൂപതയുടെ മുഖപത്രം. ബാർ കോഴക്കേസിൽ കെ എം മാണിയെ കുടുക്കാനാണ് ചെന്നിത്തല വിജിലൻസ് ത്വരിത അന്വേഷണത്തിന് അനുമതിനൽകിയതെന്ന് മുഖപത്രമായ ‘ദീപനാള’ത്തിൽ രൂക്ഷവിമർശം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കർഷക സമരവും ചർച്ചചെയ്യുന്ന ഡിസംബർ ലക്കത്തിൽ ‘കാവ്യനീതി’യെന്ന ലേഖനത്തിലാണ് ചെന്നിത്തലയെ തുറന്നുകാട്ടുന്നത്.
തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രൂപതാ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് സഭാ മുഖപത്രം നിലപാട് വ്യക്തമാക്കുന്നത്.
ബാറുടമകളിൽനിന്ന് ചെന്നിത്തല ഒരു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവും വിജിലൻസ് അന്വേഷണവും ‘കാവ്യനീതി'യാണെന്ന് മുഖപത്രം വിശേഷിപ്പിക്കുന്നു. അന്വേഷണം ചെന്നിത്തലയ്‌ക്ക് ബൂമറാങ് ആയി. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കാത്തതുകൊണ്ടാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായതെന്ന് മാണി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനം പറയുന്നു. ഇതിനായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയാണ് ചെന്നിത്തല കെ എം മാണിയെ കാണാനയച്ചത്. ഉമ്മൻചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതു വയ്യെന്നു കെ എം മാണി അറിയിച്ചു.
ബാർകോഴയാരോപണം ഉയരുമ്പോൾ ചെന്നിത്തല അമേരിക്കയിലായിരുന്നു. ആരോപണങ്ങൾ ഉയർന്നതിന്റെ മൂന്നാം ദിവസം, മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽവച്ചുതന്നെ വിജിലൻസ് അന്വേഷണത്തിനുള്ള ഫയലിൽ ഒപ്പിട്ടു. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗത്തിനെതിരേ വേണ്ടത്ര ചർച്ചയും കൂടിയാലോചനയുമില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ മാണി അസ്വസ്ഥനായിരുന്നു.
മദ്യവ്യവസായിയുടെ ആരോപണത്തേക്കാൾ, അദ്ദേഹത്തെ വേദനിപ്പിച്ചതും ഇതായിരുന്നു. ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ, അതു നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കിൽ ബാർകോഴ കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല; അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ലെന്നും മുഖപത്രം വിമർശിക്കുന്നു. ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്ന ദീപനാളം സൊസൈറ്റിയാണ് മുഖപത്രം പ്രസിദ്ധീകരിക്കുന്നത്. രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസഫ് തടത്തിലാണ് ചീഫ് എഡിറ്റർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..