07 December Monday
പ്രത്യേക ബാലറ്റ് തപാലിലും

കോവിഡ്‌ കൊടുക്കരുത്‌; വാങ്ങരുത്‌ ; വോട്ട് ചെയ്യാം ജാഗ്രതയോടെ

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020

സ്വന്തം ലേഖകൻ
കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യത നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വോട്ട് ചെയ്യാനെത്തുന്ന ഓരോരുത്തരും ശ്രദ്ധിച്ചാൽ ആ വ്യാപനം നിയന്ത്രിക്കാം. 

മാസ്‌ക്‌ മാറ്റരുത്‌; അകലം നിർബന്ധം
●വോട്ട്‌ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തും വരെ മൂക്കും വായും മൂടത്തക്കവിധം മാസ്‌ക് നിർബന്ധമായും ധരിക്കണം.
●കുട്ടികളെ കൂടെ കൊണ്ടുപോകരുത്
●പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്‌താൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ അഭ്യർഥിക്കുക
●ആരോട് സംസാരിക്കാനും രണ്ട്‌ മീറ്റർ അകലം പാലിക്കണം
●പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും ആറ്‌  അടി അകലം പാലിക്കണം. കൂട്ടം കൂടരുത്‌
●ഹസ്‌തദാനമോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങളോ പാടില്ല
●രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കൈയിൽ കരുതുക
●പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക്‌ പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം
●ബൂത്തിനകത്ത് ഒരേസമയം പരമാവധി മൂന്ന്‌ പേർ മാത്രം വോട്ട് ചെയ്യാനായി കയറുക
●പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
●അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലായതിനാൽ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടർമാരും ശാരീരിക അകലം പാലിക്കണം
●തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക. സാമൂഹ്യ അകലം പാലിക്കണം.
●വോട്ട് ചെയ്തശേഷം ഉടൻ തിരിച്ച് പോകുക
●വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച്  കഴുകണം
●തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകളിലെ പ്രവർത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകൾ സാനിറ്റെസ് ചെയ്യണം

വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതൽ തലേ ദിവസം പകൽ മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈനിൽ ഉള്ളവരും പോളിങ് ബൂത്തിൽ പോകേണ്ടതില്ല. ഇവർക്ക് പ്രത്യേക തപാൽ വോട്ട് ചെയ്യാം. തലേദിവസം മൂന്നിന്‌ ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തിൽ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാം. 

പ്രത്യേക ബാലറ്റ് തപാലിലും
പ്രത്യേക ബാലറ്റ്‌ നേരിട്ട് എത്തിക്കാൻ കഴിയാത്ത വോട്ടർമാർക്ക്‌ തപാലിൽ അയച്ചുതുടങ്ങി. കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്‌ പ്രത്യേക ബാലറ്റ്‌. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് സ്‌പെഷ്യൽ പോളിങ്‌ ഓഫീസർ താമസസ്ഥലത്ത് നേരിട്ടെത്തിയാണ് നിലവിൽ‌ ബാലറ്റ് നൽകുന്നത്. ചില പ്രദേശത്ത്‌ വോട്ടർമാരെ കണ്ടെത്താൻ അസൗകര്യമുള്ളതിനാലാണ് ബാലറ്റ് തപാലിൽ അയക്കാൻ തെരഞ്ഞെടുപ്പുകമീഷൻ നിർദേശിച്ചത്‌. ഇതിനു പ്രത്യേകം അപേക്ഷ നൽകണ്ട.

സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട പ്രത്യേക ബാലറ്റ്‌ ലഭിച്ചിട്ടില്ലാത്തവർക്കാണ്‌ തപാൽ വഴി ബാലറ്റ്‌ അയക്കുക. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളിൽ അപേക്ഷാ ഫോം (ഫോം 19 ബി), സത്യപ്രസ്‌താവന (ഫോം 16), ബാലറ്റ് പേപ്പർ, ബാലറ്റ് ഇടാനുള്ള കവർ എന്നിവയുണ്ടാകും. അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ടശേഷം സത്യപ്രസ‌്‌താവന ഗസറ്റഡ് ഓഫീസറെയോ സ്‌പെഷ്യൽ പോളിങ്‌ ഓഫീസർമാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെൽത്ത് ഓഫീസറെയോ (പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് ചെറിയ കവറിലിട്ട് ഒട്ടിക്കണം. അപേക്ഷാ ഫോമും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവനയും വലിയ കവറിലിട്ട് ഒട്ടിക്കണം. ഇത്‌ തപാൽ മാർഗമോ വ്യക്തികൾ മുഖേനയോ വരണാധികാരിയുടെ പക്കൽ 16നു രാവിലെ എട്ടിനു മുമ്പ്‌ എത്തിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top