07 December Monday

ഭാരത്‌ ഹർത്താലിന്‌ പിന്തുണയേറി ; ഒറ്റപ്പെട്ട് ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020

അഖിലേന്ത്യാ കിസാൻ സഭ പ്രവർത്തകർ ജോയിന്റ്‌ സെക്രട്ടറി വിജൂകൃഷ്‌ണനൊപ്പം സിൻഘു അതിർത്തിയിൽ


ന്യൂഡൽഹി
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്‌ സമരം ഒത്തുതീർക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച നടക്കുന്ന ഭാരത്‌ ഹർത്താലിന്‌ പിന്തുണയേറി. കാർഷിക നിയമങ്ങൾക്കെതിരെ‌ എൻഡിഎ ഘടകകക്ഷികളും പരസ്യമായി രംഗത്തുവന്നതോടെ  കേന്ദ്രസർക്കാരും ബിജെപിയും രാഷ്ട്രീയമായി ഒറ്റപ്പെട്ടു. വയോധികരും കുട്ടികളും സ്‌ത്രീകളും അടക്കം പതിനായിരങ്ങൾ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ പ്രതിഷേധിക്കുമ്പോഴും കേന്ദ്രം പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിൽ രാജ്യമെമ്പാടും  രോഷം പ്രകടം‌. രാജ്യതലസ്ഥാനത്ത്‌ അടക്കം വിവിധ വിഭാഗം ജനങ്ങൾ സമരത്തിന്‌ പിന്തുണയും സഹായവും നൽകുന്നു. ഇടതുപാർടികൾക്ക്‌ പിന്നാലെ കൂടുതൽ രാഷ്ട്രീയപാർടികൾ   ഭാരത്‌ ഹർത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചു.

എന്‍ഡിഎയില്‍ ഉലച്ചില്‍
ഹരിയാനയിൽ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന്‌ സഖ്യകക്ഷിയായ ജെജെപി(ജൻനായക്‌ ജനതാപാർടി)ക്ക്‌ ‌ കർഷകസംഘടനകളും ഖാപ്പുകളും അന്ത്യശാസനം നൽകി. ബിജെപി നേതാക്കളെയും അവരെ പിന്തുണയ്ക്കുന്നവരെയും  ബഹിഷ്കരിക്കാനും  ഖാപ്പ് നേതാക്കള്‍ ആഹ്വാനം ചെയ്‌തു.  90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക്‌ 40 അംഗങ്ങൾ മാത്രം‌. 10 എംഎൽഎമാരുള്ള  ജെജെപിയുടെ സഹകരണത്തിലാണ്‌ ഭരണം. കാർഷികമേഖല കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ജെജെപി ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ നിലനിൽപ്പ്‌ അപകടത്തിലാവും. ഈയിടെ  ഹരിയാന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി  പരാജയപ്പെട്ടിരുന്നു.

പഞ്ചാബിൽ  എൻഡിഎ ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദൾ (എസ്‌എഡി)  പുതിയ രാഷ്ട്രീയനീക്കങ്ങൾ തുടങ്ങി. ബിജെപിയിതര കക്ഷികളുമായി എസ്‌എഡി നേതാക്കൾ ചർച്ച നടത്തുന്നു. രാജസ്ഥാനിൽ  ബിജെപി ഘടകകക്ഷികൾ പ്രതിഷേധത്തിലാണ്‌. സമരങ്ങളോട് ‌പലപ്പോഴും പിന്തിരിഞ്ഞുനിൽക്കുന്ന ജനവിഭാഗങ്ങൾ കർഷകർക്ക്‌ പിന്തുണയുമായി രംഗത്തുവന്നത്‌ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ്‌ ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം മടക്കിനൽകുമെന്ന്‌ ഒളിംപിക്‌സ്‌ മെഡൽ ജേതാവായ ബോക്‌സിങ്‌ താരം വിജേന്ദർ സിങ്‌ പറഞ്ഞു. കർഷകസംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ പാർടി പ്രവർത്തകർ പങ്കെടുക്കുമെന്നും വിജയം ഉറപ്പാക്കുമെന്നും ടിആർഎസ്‌ അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പറഞ്ഞു.

സംസ്ഥാനത്ത്‌  നാളെ സംയുക്ത കർഷകസമിതി  പ്രതിഷേധം
ചൊവ്വാഴ്‌ച നടക്കുന്ന ഭാരത്‌ ഹർത്താലിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി  പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച്‌ സംഘടിപ്പിച്ച്‌ പ്രധാനമന്ത്രിയുടെയും അംബാനി, അദാനിമാരുടെയും കോലംകത്തിക്കുമെന്ന്‌ കൺവീനർ കെ എൻ ബാലഗോപാൽ,‌ ചെയർമാൻ സത്യൻ മൊകേരി എന്നിവർ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ലയൊഴികെ മറ്റു ജില്ലകളിലാണ് പ്രതിഷേധം. ചർച്ചകളിൽ സമരത്തിന്റെ കാതലായ പ്രശ്നം പരിഹരിക്കാനോ കർഷകവിരുദ്ധ നിയമം പിൻവലിക്കാനോ തയ്യാറാകാതെ  സമരത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇതിനെതിരെ ഏരിയ കേന്ദ്രങ്ങളിലും വാർഡ് തലം വരെയും പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top