തിരുവനന്തപുരം
പ്രകടന പത്രിക രാഷ്‌ട്രീയം പറയാനുള്ളതല്ലെന്ന വിചിത്രവാദവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് പ്രകടന പത്രികയിൽ ബിജെപിക്കെതിരെ ഒന്നും പറയാത്തതിനെ കുറിച്ചാണ് മുല്ലപ്പള്ളിയുടെ ഈ ന്യായീകരണം. അതേസമയം, ഇതേ പത്രികയിൽ സർക്കാരിനെതിരെ രാഷ്‌ട്രീയം പറയാൻ ഒരു പിശുക്കും യുഡിഎഫ് കാട്ടിയിട്ടുമില്ല. ‘അഴിമതിക്കെതിരെ ഒരു വോട്ട്’എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് ജനവിധി തേടുന്നതെന്നാണ് മുല്ലപ്പള്ളി ഇപ്പോഴും പറയുന്നത്. യുഡിഎഫ് മുൻമന്ത്രി പാലാരിവട്ടം അഴിമതി കേസിലും മറ്റൊരു എംഎൽഎ തട്ടിപ്പ് കേസിലും ജയിലിൽ കിടക്കുമ്പോഴാണ് ഈ പരഹാസ്യവാദം.
ബിജെപിയെ നഖശിഖാന്തം എതിർക്കുന്നതിൽ കോൺഗ്രസിനല്ലാതെ സിപിഐഎമ്മിനാണോ റോൾ എന്നതാണ് കെപിസിസി അധ്യക്ഷന്റെ മറ്റൊരു ചോദ്യം. നടി വിജയശാന്തി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതേ ദിവസമാണ് ഇദ്ദേഹത്തിന്റെ ഈ വീരവാദം. രാജ്യത്താകെ ബിജെപിക്ക് അടിവളമാകുന്ന കോൺഗ്രസിന്റെ വർഗീയവിരുദ്ധ നിലപാട് ആൾക്കാരെ ചിരിപ്പിക്കാൻ മാത്രമുള്ളതാണ്.
സിപിഐ എമ്മിന് പൂർണസമയ സെക്രട്ടറിയില്ലെന്ന പരാതിയും മുല്ലപ്പള്ളിക്കുണ്ട്. ചോദിക്കാനും പറയാനും ഒരു ദേശീയ അധ്യക്ഷൻപോലും സ്ഥിരമായില്ലാത്ത കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഈ വിഡ്ഡിത്തം എഴുന്നള്ളിക്കുന്നത് എന്നോർക്കണം.
സ്വന്തം വാർഡിൽ പോലും കൈപ്പത്തി ചിഹ്‌നം മരവിപ്പിച്ച മുല്ലപ്പള്ളിയാണ് ഈ ആരോപണങ്ങളുടെ കെട്ടഴിക്കുന്നത് എന്നതാണ് തമാശ. വടകരയിലെ കല്ലാമല വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ച് ആർഎംപിയെ ആണ് ഇപ്പോൾ അംഗീകരിച്ചന്നത്. ബാലറ്റിലെ കൈപ്പത്തി ചിഹ്‌നത്തെ തള്ളി വോട്ട് രേഖപ്പെടുത്തേണ്ടിവരുന്ന ഗതികേടിലേക്കാണ് കെപിസിസി പ്രസിഡന്റ് പോലും നീങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..