08 December Tuesday
രാഷ്‌ട്രീയ കൊലപാതകമെന്ന് മണിലാലിന്റ ഭാര്യ

"തകർത്തത് എന്റെയും മോളുടെയും ജീവിതം; ബിജെപിക്കാരുടെ പ്രേരണയാണ് ഇതിനു പിന്നിൽ "

എം അനിൽUpdated: Monday Dec 7, 2020

മണിലാലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിലപിക്കുന്ന ഭാര്യ രേണുകയും ബന്ധുവും


മൺറോതുരുത്ത് (കൊല്ലം) > ‘ഇതിനു പിന്നിൽ ആരൊക്കെയോ ഉണ്ട്. കണക്കുകൂട്ടി നടത്തിയ രാഷ്‌ട്രീയ കൊലപാതകമാണ്. ബിജെപിക്കാരുടെ പ്രേരണയാണ് ഇതിനു പിന്നിൽ. ഗൂഢാലോചന ഇല്ലാതെ ഇങ്ങനെ ചെയ്യാൻ പറ്റില്ല’–- മൺറോതുരുത്തിൽ ആർഎസ്എസുകാരൻ കുത്തിക്കൊലപ്പെടുത്തിയ മണിലാലിന്റെ ഭാര്യ രേണുകയുടെ തൊണ്ടയിടറി. സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായ മൺറോതുരുത്ത് വില്ലിമംഗലം മയൂഖത്തിൽ (ഓലോത്തിൽ) ആർ മണിലാൽ(52) കൊല്ലപ്പെട്ടത്‌ വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്ന ബിജെപിയുടെയും ചില മാധ്യമങ്ങളുടേയും വാദം പൂർണമായി തള്ളുകയാണ് രേണുക. ഭർത്താവ്‌ മണിലാലിനെ കുത്തിയ അശോകനുമായി തങ്ങൾക്ക് ഒരു മുൻ വൈരാഗ്യവുമില്ലെന്ന്‌ രേണുക പറഞ്ഞു. ‘അയാളുമായി കൊടുക്കൽവാങ്ങലുകളുമില്ല. അയാളുമായി ചേർന്ന്‌ ഹോംസ്റ്റേ നടത്തിയെന്ന വാദം ശുദ്ധ കളവാണ്‌. നേരത്തെ ഞങ്ങൾ അലങ്ങാട്ട് സഹജൻ എന്നയാളുടെ വീട്ടിൽ ഹോംസ്റ്റേ നടത്തിയിരുന്നു.

ഇപ്പോൾ ഞങ്ങൾ വേറെ ഹോംസ്റ്റേ തുടങ്ങി. അടുത്തിടെ ബിജെപിയിൽ ചേർന്ന സഹജൻ ഇപ്പോൾ അവരുടെ സ്ഥാനാർഥിയാണ്. ഞായറാഴ്ച സന്ധ്യയ്‌ക്ക് ഞാനും മകളും കുടുംബ വീട്ടിലേക്ക് പോകുമ്പോൾ പ്രതി അശോകനും കുന്നത്തുവിള സുധാകരൻ എന്നയാളും ബാങ്ക് ജങ്‌ഷനിൽ നിൽക്കുന്നത് കണ്ടിരുന്നു. അവർ ഞങ്ങളെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ എന്തോ ഗൂഢാലോചനയുണ്ടെന്ന് അപ്പോൾ തോന്നിയിരുന്നു. അപ്പോഴും കരുതിയില്ല, അയാൾ എന്റെ ഭർത്താവിന്റെ ജീവനെടുക്കുമെന്ന്’–- രേണുക വിതുമ്പി.

‘എന്റെയും മോളുടെയും ജീവിതമാണ് തകർത്തത്. ഞങ്ങൾക്കിനി ജീവിക്കണമെന്നില്ല. എല്ലാ സന്തോഷവും അവർ തല്ലിക്കെടുത്തി.’ –- സങ്കടം അണപൊട്ടി.

മണിലാൽ നേരത്തെ ബിഡിജെഎസ് പ്രവർത്തകനായിരുന്നെന്നും രേണുക പറഞ്ഞു. എന്നിട്ടും തങ്ങൾ നേരിട്ട ഒരു പ്രശ്നത്തിൽ ഇടപെട്ട് സഹായിക്കാൻ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ തയ്യാറായി. അതിനുശേഷമാണ്‌ തങ്ങൾ സിപിഐ എമ്മിൽ ചേർന്നതെന്നും രേണുക പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top