തിരുവനന്തപുരം
കോവിഡ്‌മുക്തരായ കുട്ടികളിൽ അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനിയോ കണ്ണിനുള്ളിൽ ചുവപ്പോ ശരീരത്തിൽ ചുവന്ന പാടുകളോ ഉണ്ടോ..? എങ്കിൽ വേഗം ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കുക. ഒരുപക്ഷേ, അത് കവാസാക്കിയോ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രമോ ആയേക്കാം. സംസ്ഥാനത്ത് രോഗമുക്തരായ കുട്ടികളിൽ ഇവ രണ്ടും റിപ്പോർട്ട് ചെയ്യുന്നതായാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്.
സാധാരണയായി അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ വിരളമായിമാത്രം കണ്ടുവന്നിരുന്ന കവാസാക്കി കോവിഡിനുശേഷം 12 വയസ്സുവരെയുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളെവരെ ബാധിക്കുന്നതാണ് ഈ രോഗം. പനിക്കൊപ്പം കാൽപ്പാദങ്ങളിൽ നീര്, തൊലി ഇളകിമാറൽ, ചുവന്ന ചുണ്ടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. എന്നാൽ, ഈ രോഗത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ശാസ്‌ത്രലോകം കണ്ടെത്തിയിട്ടില്ല.
മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രമിനാകട്ടെ കവാസാക്കിയുടെ ലക്ഷണങ്ങൾക്കൊപ്പം വയറിളക്കം, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകും. രോഗം സ്ഥിരീകരിച്ചാൽ ഐവിഐജി (ഇൻട്രാവെനസ് ഇമ്യൂണോ ഗ്ലോബുലിൻ)യെന്ന ചികിത്സയാണ് നൽകുക. രോഗം ഹൃദയത്തെ ബാധിക്കാമെന്നതിനാൽ എത്രയും വേഗം ചികിത്സ വേണം. കവാസാക്കി ബാധിച്ച പത്തിലധികം കുട്ടികളും മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ബാധിച്ച ഇരുപത്തഞ്ചിലധികം കുട്ടികളും തിരുവനന്തപുരം എസ്‌എടിയിൽ ചികിത്സയ്‌ക്കെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..