വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സർക്കാർ നടത്തിയത്. പ്രളയം, ഓഖി, നിപാ പോലുള്ള ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും കോവിഡ്കാലത്തും ജനങ്ങൾ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ് സർക്കാർ ശ്രദ്ധിച്ചത്. ഇവിടെ കോവിഡ് പരിശോധനയും ചികിത്സയും പൂർണമായും സൗജന്യമാണ്. സമൂഹ അടുക്കള തുറന്നും മരുന്നും ഭക്ഷണവുമെത്തിച്ചും അതിഥി തൊഴിലാളികളെ സംരക്ഷിച്ചും വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്സിഡി നൽകിയും കേരളം രാജ്യത്തിന് മാതൃകയായി. കോവിഡ് കാലത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങളെയും കാർഷികമേഖലയെയും സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ ആരംഭിച്ചു. കോവിഡ് പ്രതിരോധം ഒരു ജനകീയ മുന്നേറ്റമായാണ് സംസ്ഥാനത്ത് മാറിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എൽഡിഎഫിന്റേത്. ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രി ശൃംഖലയും ഹൈടെക് പൊതുവിദ്യാലയങ്ങളും പച്ചപ്പും ഉൽപ്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും നാടിന്റെ മുഖംതന്നെ മാറ്റി. രണ്ടര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടായി. വർഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ യുഡിഎഫും ബിജെപിയും ഒരുപോലെ മത്സരിക്കുകയാണ്. ഒരേസമയം ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോർക്കുകയാണ് യുഡിഎഫ്. വഞ്ചനാപരമായ ഈ നിലപാടും അവിശുദ്ധ കൂട്ടുകെട്ടും ജനവിധിയിൽ പ്രതിഫലിക്കും.
പ്രതിഷേധവും മറികടക്കാൻ ബിജെപിക്ക് കഴിയില്ല
ദേശീയതലത്തിൽ ആഞ്ഞടിക്കുന്ന തൊഴിലാളി കർഷക രോഷവും വർഗീയജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാൻ ബിജെപിക്ക് കഴിയില്ല. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങൾ ജനങ്ങളുടെ ജീവിതാനുഭവത്തിൽ തന്നെയുണ്ട്. കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയും കാർഷിക–-വ്യാവസായിക മേഖലകളിലെ തകർച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ് ചൂണ്ടിക്കാണിക്കാനാകുക. അത് കൃത്യമായി തിരിച്ചറിയുന്ന ജനങ്ങൾ ബിജെപിയെ തള്ളും.
നാല് മാസംകൊണ്ട് അവർഇല്ലാതാക്കിയത് 5 ജീവൻ
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോൺഗ്രസും ബിജെപിയും ജനങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ് അവർ ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സിപിഐ എം പ്രവർത്തകരാണ്.
മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങൾ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്. അത് യുഡിഎഫ് ബിജെപി കൂട്ടുകെട്ടിന് ആഘാതമാകും. സർക്കാരിന്റെ കൂടുതൽ തിളക്കത്തോടെയുള്ള തുടർച്ചയ്ക്ക് അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..